kanam-rajendran

വിദ്യാര്‍ഥി–യുവജന സംഘടനാപ്രവര്‍ത്തനത്തില്‍ നിന്ന് ട്രേഡ് യൂണിയന്‍ രംഗത്തെത്തിയായിരുന്നു കാനംരാജേന്ദ്രന്‍ പയറ്റിതെളിഞ്ഞത്. കാര്‍ക്കശ്യവും നര്‍മവും സമാസമം ചാലിച്ചെടുത്തതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം.  കിടങ്ങൂരുകാരനായ പി.കെ.വാസുദേവന്‍നായര്‍ക്ക് ശേഷം സി.പി.ഐയുടെ തലപ്പത്തേക്ക് കോട്ടയത്തുനിന്ന് ഉയര്‍ന്നു വന്ന കാനം രാജേന്ദ്രനെ സ്വജീവിതാനുഭവങ്ങള്‍ തന്നെയാണ് രാഷ്ട്രീയത്തിലും വഴിനടത്തിയത്. 

 

ബാലജനസഖ്യത്തിന്‍റെ കേന്ദ്രകമ്മിറ്റിയംഗമായിരുന്നു കാനം. ബാലജനസഖ്യത്തിന്‍റെ ക്യാംപില്‍ കണിയാപുരം രാമചന്ദ്രന്‍റെ പ്രസംഗം കേട്ടാണ് അദ്ദേഹം പൊതുപ്രവര്‍ത്തകനാകാന്‍ തീരുമാനിക്കുന്നത്. എ.ഐ.എസ്.എഫ് നടത്തിയ കലാമേളയില്‍ അവതരിപ്പിച്ച നാടകത്തിലെ നായകനായിരുന്നു കാനം. തോട്ടം മാനേജരായിരുന്ന പിതാവിനൊപ്പം തൊഴിലാളികളുടെ ജീവിത ദുരിതങ്ങള്‍ കണ്ടാണ് കാനത്തില്‍ തൊഴിലാളി വര്‍ഗബോധം രൂപപ്പെടുന്നത്. പിന്നീട് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന കാനം അസംഘടിത മേഖലയില്‍ നിരവധി യൂണിയനുകള്‍ സ്ഥാപിച്ചു. പുതുതലമുറ ബാങ്കുകള്‍, ഐ.ടി, സിനിമ എന്നീ മേഖലകളില്‍ ട്രേഡ് യൂണിയനുകള്‍ രൂപീകരിച്ചത് കാനം എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ്. എം.എല്‍.എ ആയപ്പോള്‍ നിര്‍മാണത്തൊഴിലാളികള്‍ക്കായി കാനം അവതരിപ്പിച്ച സ്വകാര്യ ബില്ലിന്‍റെ ചുവടുപിടിച്ചാണ് പിന്നീട് നിയമനിര്‍മാണം നടക്കുന്നത്. ബ്രഹ്മോസില്‍ ട്രേഡ് യൂണിയന്‍ അവകാശം സ്ഥാപിച്ചെടുത്തതു തന്നെ കാനമാണ്. തൊഴില്‍ തര്‍ക്കങ്ങളിലും രാഷ്ട്രീയ തര്‍ക്കങ്ങളിലും എല്ലാം കാനം നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. കുറിക്കുകൊള്ളുന്ന നാടന്‍ പ്രയോഗങ്ങളിലൂടെ എതിരാളികളെ നിശബ്ദരാക്കാന്‍ പ്രത്യേക വിരുതുണ്ടായിരുന്നു കാനത്തിന്. അപ്പോഴും ചെറിയൊരു ചിരി അദ്ദേഹത്തിന്‍റ മുഖത്തുണ്ടാകും. മുഖ്യമന്ത്രി അയച്ച കത്ത് പുറത്തുവിടുമെന്ന് ഗവര്‍ണര്‍ പറഞ്ഞത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍.

 

ചരിത്രം ഓര്‍മിപ്പിച്ച് ഉരുളക്കുപ്പേരി പോലെ മറുപടി പറയാനും കാനത്തിന് പകരക്കാരനില്ലായിരുന്നു. സി.പി.എം വിട്ടവരെ സി.പി.ഐ സ്വീകരിച്ചപ്പോള്‍ വിമര്‍ശിച്ച എം.വി.ജയരാജന് മറുപടി ഇങ്ങനെ. സാധാരണക്കാര്‍ക്ക് കാര്യം മനസിലാക്കാന്‍ ഇതുതന്നെ ധാരാളം. ഇങ്ങനെയൊക്കെയെങ്കിലും കാനം രാഷ്ട്രീയത്തെ വീടിന്‍റെ പടിക്കു പുറത്തു നിര്‍ത്തി. കുടുംബാംഗങ്ങള്‍ ഒത്തുചേരുമ്പോള്‍ ആരെങ്കിലും രാഷ്ട്രീയ വിശേഷം തിരക്കിയാല്‍ അതിന് നിങ്ങള്‍ക്ക് പാര്‍ട്ടിമെമ്പര്‍ഷിപ്പില്ലല്ലോ എന്ന് ചിരിച്ചുകൊണ്ട് തടയിടുമായിരുന്നു കാനം.