അതിഥിയായി ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയതിനെ തുടർന്ന് ഫാറൂഖ് കോളജിനെതിരെ പ്രതികരിച്ച സംവിധായകൻ ജിയോ ബേബിയെ രൂക്ഷമായി വിമർശിച്ച് എംഎസ്എഫ്. ജിയോ ബേബിക്ക് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നിവാസ് ഫെയ്സ്ബുക്കിൽ പറഞ്ഞു.
കുറിപ്പ് ഇങ്ങനെ: "ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്""വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്""കുടുംബം ഒരു മോശം സ്ഥലമാണ്""എന്റെ സിനിമ കണ്ട് ഒരു പത്തു വിവാഹമോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്" (ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്) ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളജിലെ വിദ്യാർഥികൾ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല. ഫാറൂഖാബാദിനൊപ്പം’’
തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന് യൂണിയന്‍ അറിയിച്ചതായി ജിയോ ബേബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. കോളജിന്റെ നടപടി തന്നെ അപമാനിക്കുന്നതാണെന്നും കോളജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി. പരിപാടി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ഫാറൂഖ് കോളജ് ഫിലിം ക്ലബ് കോര്‍ഡിനേറ്ററായ അധ്യാപകന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. തങ്ങള്‍ ഉദ്ദേശിച്ച സിനിമാ പ്രവര്‍ത്തനത്തിന് ക്യാംപസ് വളര്‍ന്നില്ലെന്നത് സങ്കടകരമാണെന്ന് അധ്യാപകന്‍ പ്രതികരിച്ചു.
Msf supports Farook College students union in director Jeo Baby controversy