ലോൺ ആപ്പിന്റെ ചതിയിൽ നിന്ന് രക്ഷപെട്ട കഥയാണ് മലപ്പുറം മുന്നിയൂർ സ്വദേശി ഫവാസിന് പറയാനുള്ളത്. ലാമെല്ലർ ഇക്തിയോസിസ് എന്ന ചർമരോഗമാണ് ഫവാസിന് രക്ഷയായത്. മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചെങ്കിലും അതെല്ലാം സധൈര്യം നേരിട്ടതോടെ സംഘം പിൻവാങ്ങുകയായിരുന്നു.
ഒരു ധനകാര്യ സ്ഥാപനത്തിലെ തിരിച്ചടവിനായാണ് ഫവാസ് 2500 രൂപ ലോൺ ആപ്പിലൂടെ വായ്പ എടുത്തത്. തൊട്ടടുത്ത ദിവസം തിരിച്ചടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും സാങ്കേതികപ്പിഴവ് കാരണം സാധിച്ചില്ല. പിറ്റേന്ന് മുതൽ ദിവസവും 500 രൂപ വീതം തിരിച്ചടവ് കൂടിക്കൊണ്ടിരുന്നു. 3000 രൂപ തിരിച്ചടച്ചെങ്കിലും അടച്ചില്ലെന്നായി കമ്പനി. ഒടുവിൽ ഫവാസിന്റെ മോർഫ് ചെയ്ത ചിത്രം സുഹൃത്തുകൾക്ക് അയച്ചു കൊടുത്തു. അവിടെയായിരുന്നു ട്വിസ്റ്റ്. ഒറ്റ നോട്ടത്തിൽ തന്നെ ചിത്രത്തിലുള്ളത് ഫവാസ് ആണന്ന് ആരും വിശ്വസിക്കുന്നില്ല. ഇതോടെ ഫവാസിനും ആത്മവിശ്വാസമായി. തന്നെ അപമാനിക്കാന്‍ അയച്ചുകൊടുത്ത ഫോട്ടോ കണ്ട് ജനങ്ങൾ വിശ്വസിക്കില്ലെന്നും പറഞ്ഞതോടെ വായ്പാ ആപ് സംഘം പിൻവാങ്ങി.
3 മാസം കാലാവധി ഉണ്ടെന്നാണ് വായ്പ എടുത്തപ്പോൾ പറഞ്ഞത്. എന്നാൽ വായ്പ എടുത്ത തൊട്ടടുത്ത ദിവസം തന്നെ സന്ദേശങ്ങളും ഫോണ്‍ വിളികളുമെത്തി. വായ്പ എടുക്കുമ്പോൾ നൽകുന്ന സെൽഫി ഉപയോഗിച്ചാണ് ലോണ്‍ ആപ്പുസംഘം ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത്.
online loan fraud story from malappuram
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.