greenfieldprotest--1-

കോഴിക്കോട്– പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്ക് മലപ്പുറം ജില്ലയില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് കൂടുതല്‍ വില ആവശ്യപ്പെട്ട് ഭൂവുടമകള്‍ പ്രതിഷേധം ശക്തമാക്കുന്നു. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാതെ  ഭൂമി വിട്ടുകൊടുക്കില്ലെന്നാണ് ഉടമകളുടെ നിലപാട്.

ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക അംഗീകരിക്കാനാവില്ലെന്നാണ്  ഭൂവുടമകളുടെ നിലപാട്. ജില്ലയില്‍ നാലായിരത്തോളം ഭൂവുടമകളില്‍ നിന്നായി 238 ഹെക്ടറാണ് ഏറ്റെടുക്കുന്നത്.  നഷ്ടപരിഹാര നിര്‍ണയും പൂര്‍ത്തിയാക്കി. മലപ്പുറം ജില്ലയില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് 1987 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഭൂമിക്ക് മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ചുള്ള നഷ്ടപരിഹാരമായില്ലെന്നാണ് ഉടമകളുടെ വാദം. സമരത്തിന്‍റെ ആദ്യഘട്ടമായാണ് കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധമറിയിച്ചത്. 

ഭാരത് മാല പദ്ധതിയുടെ ഭാഗമായി 121 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ 52. 9 കിലോമീറ്റര്‍ മലപ്പുറം ജില്ലയിലൂടെയാണ് കടന്നു പോവുന്നത്. മൂന്നു ജില്ലകളിലായി 547 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. മലപ്പുറം ജില്ലയില്‍ പൊതുമരാമത്ത് റോഡിനോട് ചേര്‍ന്ന ഭൂമിക്ക് കണക്കാക്കിയ വിലയുടെ ഇരട്ടിയിലേറെ വില കോഴിക്കോട് ജില്ലയില്‍ അതേ മൂല്യമുളള ഭൂമിക്ക് നിശ്ചയിച്ചിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നത്.