ഒന്നാം ക്ലാസ് വിദ്യാർഥിക്ക് സ്കൂൾ ബസ് ഡ്രൈവറുടെ ക്രൂരമർദ്ദനം. വടി കൊണ്ടുള്ള അടിയേറ്റ് കാല് പൊട്ടിയ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിമൺ സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ബസ് ഡ്രൈവർ ഷിയാസിനെതിരെ പൊലീസ് കേസെടുത്തു.
സ്കൂൾ ബസ് ഡ്രൈവർമാർ തമ്മിലുള്ള തർക്കമാണ് കുട്ടിക്കും മർദ്ദനമേൽക്കാൻ കാരണമായത്. കുട്ടി സ്കൂളിലേക്ക് വരുന്ന ബസിലെ ക്ലീനറായ അനസിനെ മറ്റൊരു ബസ് ഡ്രൈവറായ ഷിയാസ് അടിക്കുന്നത് കണ്ടതോടെയാണ് ഷിയാസിന് സമീപത്തേക്ക് വിദ്യാർഥി എത്തിയത്. ' മാമനെ എന്തിനാ തല്ലുന്നത്'
എന്ന് ചോദിച്ചതോടെ കുട്ടിയെ അടിക്കാന‍് തുടങ്ങുകയായിരുന്നു. വടി കൊണ്ട് കാൽ പൊട്ടുന്നത് വരെ തല്ലി. കൂടെയുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെയാണ് അധ്യാപകർ ഓടിയെത്തിയത്. ഷിയാസ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു.