ഒരു പാലത്തിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് ബീമുകള്‍ ബന്ധപ്പെട്ടവര്‍ തന്നെ പൊളിച്ചുകളയുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ.. അതിന് കാരണക്കാര്‍ കരാറുകാരനും പൊതുമരാമത്ത് അധികൃതരും തന്നെയാണ് എന്നതാണ് മറ്റു പാലങ്ങളില്‍ നിന്ന് കണ്ണൂരിലെ മംഗര പാലത്തെ വ്യത്യസ്തമാക്കുന്നത്. 2022 അവസാനത്തില്‍ നിര്‍മാണം തുടങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമാകുമ്പോഴും തൂണുകള്‍ക്ക് മുകളിേലക്ക് വളര്‍ന്നിട്ടില്ല മംഗര പാലം. 13 കോടിയോളം രൂപ ചിലവില്‍ നിര്‍മിക്കുന്ന പാലത്തിനായി ഒമ്പത് ബീമുകളാണ് കഴിഞ്ഞ വേനലില്‍ നിര്‍മിച്ചത്. അതേ ബീമുകള്‍ പിന്നീട് പൊളിച്ചുകളഞ്ഞു. കാരണം നാട്ടുകാര്‍ പറയും.
ഒമ്പതില്‍ ഏഴെണ്ണമാണ് പൊളിച്ചത്.. രണ്ടെണ്ണം പുഴയില്‍ തന്നെ കിടപ്പുണ്ട്. കരാറുകാരന് നഷ്ടം 65 ലക്ഷം രൂപ. നേരത്തെ പരിശ്രമിച്ചിരുന്നെങ്കില്‍ ഇന്നീ ഗതി വരില്ലായിരുന്നു പാലത്തിന്. ബീമുകള്‍ ഉയര്‍ത്താന്‍ ക്രെയിന്‍ കിട്ടിയില്ലെന്നാണ് അന്ന് കരാറുകാരന്‍ പറഞ്ഞ മറുപടിയത്രെ..
കരാറുകാരന്‍റെ വീഴ്ചയെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് തടിയൂരിയിട്ടുണ്ട്. കരാറുകാരനോട് അന്നേ പറഞ്ഞതാണെന്നാണ് മറുപടി.
പൊളിച്ചുകളഞ്ഞ ബീമുകളില്‍ നിന്ന് കമ്പികള്‍ വേര്‍തിരിക്കുന്നതാണിപ്പോള്‍ ആകെ നടക്കുന്ന ജോലി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മണ്ഡലമായ തളിപ്പറമ്പിലാണ് മംഗര പാലം.