Image: X, @sudamapurana6

Image: X, @sudamapurana6

TOPICS COVERED

സ്വര്‍ണത്തിനും വെള്ളിക്കും വേണ്ടി വയോധികയെ ക്രൂരമായി കൊലപ്പെടുത്തി കാലുകള്‍ വെട്ടിയെടുത്തു. രാജസ്ഥാനിലാണ് 60കാരിയായ കമല ദേവി അതിക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടത്. കഴുത്തറുത്ത ശേഷം പ്രതികള്‍ കമല ദേവിയുടെ ശരീരത്തിലെ എല്ലാ ആഭരണങ്ങളും അഴിച്ചെടുക്കുകയായിരുന്നു. 

 

കാലിലെ വെള്ളിക്കൊലുസിനായി കാലുകള്‍ തന്നെ മുറിച്ചെടുത്ത് കൊണ്ടുപോയതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 7.5ലക്ഷം വിലവരുന്ന ആഭരണങ്ങളാണ് കൊലയാളികള്‍ വയോധികയെ കൊലപ്പെടുത്തി കൈക്കലാക്കിയതെന്ന് ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി. 

 

കോദിയായ് മേഖലയിലാണ് സംഭവം നടന്നത്. ആടിനെ മേയ്ക്കാന്‍ പോയ അമ്മ ഏറെ നേരമായിട്ടും തിരിച്ചെത്താതിരുന്നതോടെയാണ് കമല ദേവിയുടെ മകന്‍ അന്വേഷിച്ചിറിങ്ങിയത്. കമല സ്ഥിരമായി പോവാറുള്ള വനമേഖലയിലാണ് കാലുകളില്ലാതെ ചോരയില്‍ കുളിച്ചു കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കിടന്നിരുന്നത്. 

 

സ്വര്‍ണമാല,പെന്‍ഡന്റ്, കമ്മലുകള്‍, മൂക്കൂത്തി, കൊലുസ് ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടതെന്നും ബന്ധുക്കള്‍ പറയുന്നു. കമല ദേവിയെ കൊലപ്പെടുത്തിയ ശേഷം കൊലയാളികള്‍ ആഭരണങ്ങളെല്ലാം അഴിച്ചുമാറ്റി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറയുന്നു.  അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് നീല്‍ കമല്‍ മീനയുള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.  

ENGLISH SUMMARY:

In a shocking incident, an elderly woman was brutally murdered and her legs were severed in Rajasthan for gold and silver ornaments. The victim, identified as Kamala Devi, was found with her throat slit, and all her jewelry, including a pair of silver anklets, was stolen.