The concrete pillar of the Namma Metro collapsed, in Bengaluru, Wednesday, April 16, 2025. An auto-driver was killed as its debris fell on his auto-rickshaw. (PTI Photo)
മെട്രോ മേല്‍പ്പാലത്തിന്‍റെ നിര്‍മാണത്തിനായി എത്തിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് പാളി ഓട്ടോറിക്ഷയ്ക്ക് മേല്‍ വീണ് ഡ്രൈവര്‍ മരിച്ചു. ബെംഗളൂരുവിലെ കോഗിലും ക്രോസിലാണ് സംഭവം. നിര്‍മാണം പുരോഗമിക്കുന്ന നമ്മ മെട്രോയുടെ കോണ്‍ക്രീറ്റ് പാളിയാണ് 35കാരനായ ഖസീം സാബിന് മേല്‍ പതിച്ചത്. നിര്‍മാണത്തിനായെത്തിച്ച കോണ്‍ഗ്രീറ്റ് പാളി അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് അപകടമുണ്ടാക്കിയതെന്ന് വിലയിരുത്തിയ പൊലീസ് കോണ്‍ക്രീറ്റ് പാളിയുമായെത്തിയ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ 12.30 ഓടെ എയര്‍പോര്‍ട്ട് റൂട്ടിലായിരുന്നു സംഭവമെന്ന് പൊലീസ് വിശദീകരിക്കുന്നു. ട്രക്കില്‍ നിന്നും കൂറ്റന്‍ കോണ്‍ക്രീറ്റ് ബാരിയര്‍ മാറ്റുന്നതിനിടെയാണ് ഓട്ടോയ്ക്ക് മേല്‍ പതിച്ചത്. യാത്രക്കാര്‍ ചാടി ഇറങ്ങിയതിനാല്‍ ജീവന്‍ തിരികെ കിട്ടി. ഡ്രൈവറായ ഖസീമിന് വേഗത്തില്‍ പുറത്തിറങ്ങാനായില്ലെന്ന് ജാലഹള്ളി ട്രാഫിക് പൊലീസ് ഇന്‍സ്പെക്ടര്‍ ബി. രാഘവേന്ദ്ര പറഞ്ഞു. ഷിദ്ലഗ്ഹട്ട സ്വദേശിയാണ് കൊല്ലപ്പെട്ട ഖസീം.
ഓടിയെത്തിയ നാട്ടുകാര്‍ ഖസീമിനെ കോണ്‍ക്രീറ്റ് പാളിക്കടിയില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ക്രെയിന്‍ എത്തിച്ചതെന്നും തുടര്‍ന്ന് ഭാരമേറിയ പാളി ഉയര്‍ത്തി മാറ്റി ഖസീമിന്‍റെ ശരീരം പുറത്തെടുക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.