കോയമ്പത്തൂര്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കി. കോവൈപുദൂര്‍ സ്വദേശിയായ ചൊക്കലിംഗ(54) മാണ് വിഒസി പാര്‍ക്കിലെ മരത്തില്‍,ഭാര്യയുടെ സാരിയില്‍ തൂങ്ങി മരിച്ചത്. ഇന്നലെയും ചൊക്കലിംഗം ജോലിക്കെത്തിയിരുന്നുവെന്നും ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകളോ അസ്വസ്ഥതകളോ പ്രകടിപ്പിച്ചിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. ബുധനാഴ്ച രാവിലെ ജോലിക്ക് പോയ ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു ഗൃഹപ്രവേശ ചടങ്ങിലും ചൊക്കലിംഗം പങ്കെടുത്തിരുന്നു. രാത്രിയോടെയാണ് വീട്ടിലെത്തിയത്. പിന്നാലെ മുറിക്കുള്ളില്‍ കയറിയ ചൊക്കലിംഗം ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ ഭാര്യ തുടര്‍ച്ചയായി കതകില്‍ മുട്ടിയതോടെ വാതില്‍ തുറന്നു. താന്‍ ഒന്നും ചെയ്യില്ലെന്ന് ഭാര്യയ്ക്ക് ഉറപ്പും നല്‍കി.
രാത്രി ഒരുങ്ങി പുറത്തേക്കിറങ്ങിയ ചൊക്കലിംഗം താന്‍ വേഗം മടങ്ങി വരാമെന്ന് പറഞ്ഞ് പോയി. ദീര്‍ഘനേരമായിട്ടും മടങ്ങിവരാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് വിഒസി പാര്‍ക്ക് മൈതാനത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലീസുകാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
സ്റ്റേഷനില്‍ സന്തോഷവാനായാണ് ചൊക്കലിംഗത്തെ കാണപ്പെട്ടതെന്നും ഈ മാസം ആദ്യം നടന്ന വനിതാദിന പരിപാടിയിലടക്കം സജീവമായി പങ്കെടുത്തിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ റേസ് കോഴ്സ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.