pic

തെലങ്കാനയെ ഞെട്ടിച്ച ദുരഭിമാനക്കൊലയായിരുന്നു 23കാരനായ പ്രണയ് കുമാറിന്റേത്. ഉന്നതജാതിയില്‍പ്പെട്ട അമൃതവര്‍ഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് അമൃതയുടെ കുടുംബം നല്‍കിയ ക്വട്ടേഷനായിരുന്നു പ്രണയ്‌യുടെ ജീവനെടുത്തത്. 2018ൽ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിൽ നൽഗൊണ്ട കോടതി വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ നൽകി. മറ്റ് 6 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏ‍ർപ്പാടു ചെയ്തിരുന്നത്. 

ഗര്‍ഭിണിയായിരുന്ന അമ‍ൃതയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് 2018 സെപ്റ്റംബര്‍ 14ന് വാടകക്കൊലയാളി പ്രണയ്‍യെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനും ആറുമാസം മുന്‍പ് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. 2019 ജനുവരിയില്‍ അമൃതവര്‍ഷിണി ഒരു കുഞ്ഞിനു ജന്‍മം നല്‍കി. കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി അമൃതയുടെ പിതാവ് ഒടുവില്‍ കുറ്റബോധത്താല്‍ കത്തെഴുതിവച്ച് ജയിലില്‍ ജീവനൊടുക്കി. 

മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരിം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ്. ശിവ എന്നിവര്‍ക്കാണ് കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. 2018ല്‍ നടന്ന കൊലപാതകക്കേസില്‍ 2019ല്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. എസ്‌സി എസ്ടി വകുപ്പുപ്രകാരമാണ് കേസെടുത്തത്, ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളും പ്രതികള്‍ക്കുമേല്‍ ചുമത്തി.  

ENGLISH SUMMARY:

Telangana court awards death penalty to accused in honour killing case and life sentence for other six culprits.