യൂട്യൂബില്‍ സബ്സ്ക്രൈബേഴ്സിനെ കൂട്ടാന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രെയിനിലിരിക്കുന്ന യാത്രക്കാരനെ തല്ലിയ യൂട്യൂബറെ പൊക്കി റെയില്‍വെ പൊലീസ്. ബിഹാറിലെ അനുഗ്രഹ നാരായണ്‍ റോഡ് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. വിഡിയോ ചിത്രീകരിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ റിതേഷ് കുമാറിനെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്.
റിതേഷ് കുമാര്‍ എന്ന അനുഗ്രഹ നാരായണ്‍ റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്രക്കാരനെ മര്‍ദ്ദിക്കുന്ന വിഡിയോയാണ് വൈറലായത്. റെയില്‍വെ സ്റ്റേഷനില്‍ കാത്തിരിക്കുകയും ട്രെയിന്‍ എടുത്ത ഉടനെ യാത്രക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇയാളുടെ സുഹൃത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് പിന്നീട് വൈറലായതോടെയാണ് ഇയാള്‍ക്കെതിരെ നടപടി വന്നത്.
വീഡിയോ ക്ലിപ്പ് വൈറലായതോടെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ആർപിഎഫ് റിതേഷ് കുമാറിന്‍റെ പിടികൂടുന്നത്. ക്ഷമാപണം നടത്തുന്ന വിഡിയോയില്‍ സബ്സ്ക്രൈബേഴ്സിനെ കൂട്ടാനായിരുന്നു ആക്രമണമെന്ന് റിതേഷ് കുമാര്‍ പറഞ്ഞു.
'ഞാനൊരു യൂട്യൂബറാണ്. ഫോളോവേഴ്‌സിനെ കൂട്ടുന്നതിന് വീഡിയോകളെടുക്കാറുണ്ട്. ഫോളോവേഴ്‌സിന്‍റെ എണ്ണം കൂട്ടാനാണ് ഓടുന്ന ട്രെയിനിൽ വെച്ച് ഒരു യാത്രക്കാരനെ തല്ലിയത്' എന്നാണ് വിഡിയോയില്‍ റിതേഷ് കുമാര്‍ പറയുന്നത്.