AI Generated Images
ഉത്തര്‍പ്രദേശിലെ മീററ്റില്‍ അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. 22 വയസുകാരനായ ഹിമാൻഷു സിങാണ് മരിച്ചത്. ശനിയാഴ്ച അയല്‍വാസിയുടെ വിവാഹാഘോഷത്തിനിടെ മീററ്റിലെ സർധന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഞായറാഴ്ച കല്യാണം നടക്കാനിരുന്ന വരന്റെ അയൽക്കാരനായിരുന്നു ഹിമാൻഷു സിങു. കല്യാണത്തിന്‍റെ ഭാഗമായുള്ള ബാച്ചിലേഴ്‌സ് പാർട്ടിക്ക് മദ്യം വാങ്ങി വരാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ഹിമാന്‍ഷു മദ്യവുമായി കല്യാണ വീട്ടിലെത്തി. എന്നാല്‍ ഇതിനിടെ യുവാവിന്‍റെ ബന്ധുവെത്തുകയും ബന്ധുവിനെ കണ്ടതോടെ യുവാവ് കയ്യിലുള്ള മദ്യക്കുപ്പി അരയില്‍ വസ്ത്രത്തിനടയില്‍ തിരുകുകയും ചെയ്തു. പിന്നാലെ ബന്ധുകാണാതിരിക്കാന്‍ മതില്‍ ചാടാന്‍ ശ്രമിച്ചു. എന്നാല്‍ തിടുക്കത്തിൽ മതില്‍ ചാടുന്നതിനിടെ കൈ വഴുതി താഴേക്കുവീണു. ഇതോടെ അരയില്‍ വച്ചിരുന്ന കുപ്പിപൊട്ടുകയായിരുന്നു.
കുപ്പി പൊട്ടി ചില്ലുകഷണങ്ങള്‍ യുവാവിന്‍റെ വയറ്റില്‍ തുളച്ചുകയറുകയായിരുന്നു. നിലയ്ക്കാത്ത രക്തസ്രാവവുമായാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ മണിക്കൂറുകൾക്ക് ശേഷം മരിച്ചു. അതേസമയം, പൊലീസിനെ പോലും അറിയിക്കാതെയാണ് യുവാവിന്‍റെ മൃതദേഹം കുടുംബം ദഹിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറയുന്നു. യുവാവിന്‍റെ മരണത്തെ തുടര്‍ന്ന് ഞായറാഴ്ച നടക്കാനിരുന്ന വരന്റെ വിവാഹ ഘോഷയാത്ര ഒഴിവാക്കുകയും വിവാഹം ചടങ്ങുമാത്രമായി നടത്തുകയും ചെയ്തു.