മഹാകുംഭമേളയുടെ വാര്‍ത്തകളും കാഴ്ചകളുമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇതിനിടയില്‍ ഒരു വയോധികന്‍റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. കാരണം കുംഭമേളക്കിടെ മൂന്നു തവണയാണ് അദ്ദേഹത്തിന്‍റെ ഭാര്യയെ കാണാതായത്. ഓരോ തവണയും പൊലീസ് ഭാര്യയെ കണ്ടെത്തുകയും അദ്ദേഹത്തിന്‍റെ അടുത്ത് തിരിച്ചെത്തിക്കുകയും ചെയ്യും. സംഭവത്തെ കുറിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെട്ടു എന്നാണ് താൻ കരുതിയത് എന്നാണ് തമാശ രൂപേണ അദ്ദേഹം പറയുന്നത്.
കുംഭമേളയ്ക്കെത്തിയ ജനക്കൂട്ടത്തിനിടയില്‍ വച്ചാണ് മൂന്ന് തവണയും അദ്ദേഹത്തിന്‍റെ ഭാര്യയെ കാണാതാകുന്നത്. ഗംഗയിൽ മുങ്ങിക്കുളിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. അടിക്കടിയുണ്ടാകുന്ന സംഭവങ്ങള്‍ അദ്ദേഹത്തെ പരിഭ്രാന്തനാക്കിയിരുന്നു. എങ്കിലും ഓരോ തവണയും അരമണിക്കൂറിനുള്ളിയില്‍ ഭാര്യയെ കണ്ടെത്തിയ പൊലീസിന് അദ്ദേഹം നന്ദി പറയുന്നുണ്ട്. കുംഭമേള ഇത്തരമൊരു അവസ്ഥയാണ് തനിക്കായി കരുതിവച്ചിരുന്നത് എന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു. ഒടുവില്‍ പരിഭ്രാന്തിയെല്ലാം ചിരിക്ക് വഴിമാറുകയും ചെയ്യുന്നു. ഒരു ബോളിവുഡ് കോമഡി ചിത്രം പോലെയാണ് സംഭവത്തെ പ്രാദേശിക മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.
സംഭവത്തിന്‍റെ വിഡിയോ വൈറലാണ്. മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഇതിനകം വിഡിയോ കണ്ടുകഴിഞ്ഞു. ധാരാളം കമന്‍റുകളും ലഭിക്കുന്നുണ്ട്. ‘താങ്കള്‍ക്ക് അവരെ അത്ര എളുപ്പത്തിൽ ഒഴിവാക്കാന്‍ സാധിക്കില്ല, നിങ്ങൾ ഏഴ് ജന്മത്തിലും ഒരുമിച്ചായിരിക്കും എന്നാണ് ഒരാള്‍ കുറിച്ചത്. താങ്കളുടെ ഭാര്യ ഈ വിഡിയോ കണ്ടില്ലെന്ന് വിചാരിക്കുന്നുവെന്ന് മറ്റൊരാളും കുറിച്ചു. സംഭവം ആളുകള്‍ക്കിടയില്‍ ചിരിയുണര്‍ത്തുന്നുണ്ടെങ്കിലും മേളയ്ക്കിടയില്‍ വയോധികരെ കാണാതാകുന്നത് ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തെളിയുന്നുണ്ട്. മഹാകുംഭ മേളയിലെ പോരായ്മകളും അദ്ദേഹം സൂക്ഷ്മമായി ചൂണ്ടിക്കാണിക്കുന്നു.