പശുത്തൊഴുത്ത് വൃത്തിയാക്കിയാല്‍ കാന്‍സര്‍ രോഗികള്‍ക്ക് രോഗമുക്തിയുണ്ടാകുമെന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി. പശുത്തൊഴുത്ത് വൃത്തിയാക്കുകയും പശുത്തൊഴുത്തില്‍ കിടക്കുകയും ചെയ്താല്‍ കാന്‍സര്‍ മാറുമെന്നാണ് യുപി മന്ത്രി സഞ്ജയ് സിങ് പറയുന്നത്.
പശുക്കളെ പരിപാലിക്കുക വഴി ബിപിക്ക് കഴിക്കുന്ന മരുന്നുകള്‍ 10 ദിവസത്തിനുള്ളില്‍ പകുതിയായി കുറയ്ക്കാന്‍ സാധിക്കും എന്നും യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമായ മന്ത്രി പറയുന്നു. പിലിബിത് മണ്ഡലത്തില്‍ പശുപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
'ഇവിടെ അമിത രക്തസമ്മര്‍ദമുള്ള രോഗികളുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്കായി പശുക്കളുണ്ട്. എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും പശുക്കളെ പരിപാലിക്കുക. ഇതിലൂടെ 20 എംജി ഡോസ് ഉള്ള മരുന്ന കഴിക്കുന്ന രോഗിക്ക് ഇത് 10 എംജിയായി കുറയ്ക്കാനാവും. പരിശോധനയില്‍ കണ്ടെത്തിയ കാര്യമാണ് ഞാന്‍ പറയുന്നത്', മന്ത്രി പറയുന്നു'.
പശുത്തൊഴുത്ത് വൃത്തിയാക്കി കാന്‍സര്‍ രോഗി അവിടെ കിടന്നാല്‍ കാന്‍സര്‍ മാറും. കൊതുക് ശല്യവും കുറയ്ക്കാം. പശുവില്‍ നിന്ന് ഇങ്ങനെ ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങളുണ്ട്. വിവാഹ വാര്‍ഷികവും ജന്മദിനങ്ങളും പശുത്തൊഴുത്തില്‍ വെച്ച് ആഘോഷിക്കണം എന്നും യുപി മന്ത്രി പറഞ്ഞു.