വെള്ളപ്പൊക്കത്തില്‍ മുങ്ങി ഒഴുക്കില്‍പ്പെട്ട കാറിന് മുകളില്‍ ഭയമേതുമില്ലാതെ സംസാരിച്ചിരുന്ന് ദമ്പതികള്‍. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് സംഭവം. രണ്ട് മണിക്കൂറോളമാണ് ഒഴുക്കില്‍പ്പെട്ട കാറിന് മുകളില്‍ ഇരുവരും ഇരുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം.
ഇഡാര്‍ ടൗണിലെ വെള്ളപ്പൊക്കം നിറഞ്ഞ പാത മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് ഇരുവരും ഒഴുക്കില്‍പ്പെടുന്നത്. വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതിന് ശേഷം അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി ഇരുവരേയും രക്ഷിച്ചു.
കരോള്‍ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതോടെ 1.5 കിലോമീറ്ററോളം ഇവരുടെ കാര്‍ ഒഴുകിപ്പോയി. പൂര്‍ണമായും മുങ്ങിയ കാറിന്റെ മേല്‍ഭാഗം മാത്രമാണ് അല്‍പം പുറത്ത് കാണാന്‍ കഴിഞ്ഞിരുന്നത്. ഇവിടെയാണ് ദമ്പതികള്‍ ഇരുന്നത്. കുത്തൊഴുക്ക് കൂടുതലായതിനെ തുടര്‍ന്ന് ആദ്യം രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ദമ്പതികളെ രക്ഷപെടുത്തുന്നത് കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് നദിക്കരയില്‍ കാത്തിരുന്നത്.
മുന്‍പില്‍ പോയ മറ്റൊരു വാഹനം പാത മുറിച്ചു കടക്കുന്നത് കണ്ടാണ് തങ്ങളും ഇതിന് ശ്രമിച്ചതെന്ന് അപകടത്തില്‍പ്പെട്ട സുരേഷ് മിസ്ത്രി പറയുന്നു. എന്നാല്‍ ഞങ്ങള്‍ പകുതി എത്തിയപ്പോഴേക്കും ഒഴുക്ക് ശക്തമാവുകയും കാര്‍ ഒഴുക്കില്‍പ്പെട്ട് പോവുകയുമായിരുന്നു. ഉടനെ തന്നെ താന്‍ പൊലീസിനേയും അഗ്നിരക്ഷാ സേനയേയും സഹായത്തിനായി വിളിച്ചതായും ഇയാള്‍ പറയുന്നു.