കടപ്പാട്; എക്സ്,അണ്ണാമലൈ

കടപ്പാട്; എക്സ്,അണ്ണാമലൈ

 ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കിടെയില്‍ പുറത്തുവന്ന തമിഴ് ബിജെപിയിലെ കട്ടക്കലിപ്പ് അവസാനിക്കുന്നതായി സൂചന. തമിഴിസൈ സൗന്ദര്‍രാജനും അണ്ണാമലൈ വിഭാഗവും തമ്മിലെ പരസ്യപ്പോര് കഴിഞ്ഞ ദിവസം മറനീക്കി പുറത്തുവന്നിരുന്നു. ഇന്നിതാ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ തമിഴിസൈയെ ചെന്നൈയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചതായാണ് വാര്‍ത്തകള്‍. തമിഴിസൈയുടെ പാര്‍ട്ടി അനുഭവങ്ങള്‍ സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്നും സന്ദര്‍ശനത്തിനു ശേഷം അണ്ണാമലൈ പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അണ്ണാമലൈയുടെ പ്രതികരണം.

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ അണ്ണാമലൈയെ വിമര്‍ശിച്ച് തമിഴിസൈ രംഗത്തെത്തിയിരുന്നു. അണ്ണാമലൈയുടെ രീതികളും രാഷ്ട്രീയ നിലപാടുകളുമാണ് തോല്‍വിക്ക് കാരണമെന്നും ആരോപിച്ചിരുന്നു. എഐഎഡിഎംകെയുമായി സഖ്യത്തിലായിരുന്ന സമയം മികച്ച പ്രകടനം കാഴ്ചവക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചെന്നും തമിഴിസൈ അണ്ണാമലൈയെ ലക്ഷ്യംവച്ച് പറഞ്ഞിരുന്നു. ബിജെപി–എഐഎഡിഎംകെ പിളര്‍പ്പിനു പിന്നിലും അണ്ണാമലൈ ആണെന്ന് തമിഴിസൈ തുറന്നടിച്ചു. എഐഎഡിഎംകെയുമായി 2023 സെപ്റ്റംബറിലാണ് പാര്‍ട്ടി അകല്‍ച്ചയിലാവുന്നത്. ആരുടേയും പേരെടുത്തു പറയാതെ തമിഴ്നാട് ബിജെപിയില്‍ ക്രിമിനല്‍ എലമെന്റ്സ് ഉണ്ടെന്നും തമിഴിസൈ മുന്‍പ് ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് അണ്ണാമലൈ തമിഴിസൈയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. അതേസമയം തമിഴിസൈയെ അമിത്ഷാ പരസ്യമായി ശകാരിക്കുന്നെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോയെക്കുറിച്ചും തമിഴിസൈ വ്യക്തമാക്കി. അമിത് ഷാ തന്നെ ശകാരിച്ചതല്ലെന്നും തിരഞ്ഞെടുപ്പ് തോല്‍വിയ്ക്കു പിന്നാലെ കാര്യങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെയും ഗൗരവത്തോടെയും കാണേണ്ടതിനെക്കുറിച്ച് സംസാരിച്ചതാണെന്നും കൃത്യമായ ഫോളോ അപ്  വേണമെന്നാവശ്യപ്പെടുകയായിരുന്നെന്നും തമിഴിസൈ പറയുന്നു. പ്രചരിച്ചതെല്ലാം അനാവശ്യമായ ഊഹാപോഹങ്ങളാണെന്നും തമിഴിസൈ വ്യക്തമാക്കി. ചെന്നൈ മണ്ഡലത്തില്‍ നിന്നും മത്സരിച്ച തമിഴിസൈയുള്‍പ്പെടെ ബിജെപി നേതാക്കളെല്ലാം പരാജയപ്പെടുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത്.

Tamilnadu bjp president meets Tamilisai Soundarrajan at her house in Chennai:

There are indications that the split in Tamil BJP, which came out during the Lok Sabha election defeat, is coming to an end. The publicity war between the Tamilisai Soundarrajan and the Annamalai had came out the last day. There are reports that today BJP state president Annamalai visited Tamilisai at her house in Chennai.