ഇന്ത്യൻ തുറമുഖങ്ങൾ യുഎസ് നാവികസേന ഉപയോഗിക്കുന്നുവെന്ന ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍റെ പടക്കപ്പല്‍ യുഎസ് തകര്‍ത്തതില്‍ കേന്ദ്രസർക്കാരും പ്രതിരോധ വൃത്തങ്ങളും പ്രതികരിച്ചിട്ടില്ല. ഇന്ത്യയ്ക്ക് സ്വന്തം അയൽപ്പക്കത്തും സ്വാധീനമില്ലേയെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
ചില യുഎസ് മാധ്യമങ്ങളാണ് ഇന്ത്യന്‍ തുറമുഖങ്ങള്‍ യുഎസ് നാവികസേന ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, വിദേശകാര്യമന്ത്രാലയത്തിന്‍റെ ഫാക്ട് ചെക്കിങ് വിഭാഗം യുഎസ് മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളി.
ഇന്ത്യന്‍ തുറമുഖങ്ങള്‍ യുഎസ് ഉപയോഗിക്കുന്നുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും വ്യാജ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ജാഗ്രത വേണമെന്നും അറിയിപ്പ്. ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന്,, ഇറാന്‍റെ പടക്കപ്പല്‍ യുഎസ് തകര്‍ത്തതിന് പിന്നാലെയാണ് ഈ പ്രചാരണം തുടങ്ങിയത്. യുഎസ് ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
അയല്‍പ്പക്കത്തും ഇന്ത്യയുടെ സ്വാധീനം നഷ്ടമായോന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും മിലാൻ നാവിക അഭ്യാസത്തിലും പങ്കെടുത്ത ഇറാൻ കപ്പൽ ഐആർഐഎസ് ദേനയാണ് തകര്‍ന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസ്യയിലെ യുഎസ് സൈനികതാവളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒഹായോ ക്ലാസ് അന്തർവാഹിനിയാണ് ഇറാന്‍റെ പടക്കപ്പല്‍ തകര്‍ത്തത്.
ആക്രമണത്തില്‍ യുഎസിനെ ഇന്ത്യ പ്രതിഷേധം അറിയിക്കണമെന്ന് മുന്‍നാവികസേന മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ് ആവശ്യപ്പെട്ടു. രാജ്യാന്തര സമുദ്രമേഖലയിലെ മിലിറ്ററി നീക്കങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് യുഎസിന്‍റെ ആക്രമണമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇറാനിലെ ദേന മലയുടെ പേരിൽ അറിയപ്പെടുന്ന മൗജ് ക്ലാസ് മൾട്ടിറോൾ ഗൈഡഡ് മിസൈൽ വിഭാഗത്തിൽപ്പെട്ട ഈ ആക്രമണ യുദ്ധക്കപ്പൽ 2021ലാണ് സേനയുടെ ഭാഗമായത്.