മനുഷ്യര്‍ക്ക് മാനസികമായി വളരെ അടുപ്പമുള്ളവയായിരിക്കും അവരുടെ വളര്‍ത്തുമൃഗങ്ങള്‍. അവര്‍ക്ക് എന്ത് സംഭവിച്ചാലും അത് ഉടമയെയും ബാധിക്കും. മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമിടയിലെ ആത്മബന്ധത്തിന് വളരെ ആഴമുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഒരു യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുകയാണ് ഈ സ്നേഹം.
യുപിയിലെ അമ്രോഹ ജില്ലയിൽ താമസിക്കുന്ന പൂജയുടെ വളർത്തുപൂച്ച കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിക്കുന്നത്. എന്നാല്‍ വളർത്തുപൂച്ചയുടെ ജീവൻ എങ്ങനെയെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ അതിനെ സംസ്‌കരിക്കാൻ യുവതി തയാറായില്ല.
എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന് കരുതി രണ്ട് ദിവസം അവള്‍ പൂച്ചയെ നെഞ്ചോട് ചേര്‍ത്തിരുന്നു. പൂജയുടെ അമ്മ, പൂച്ചയെ സംസ്കരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നായിരുന്നു പൂജ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് പൂച്ചയുടെ മരണം ഉറപ്പായതോടെ 32 കാരിയായ യുവതി ജീവനൊടുക്കുകയായിരുന്നു. ശനിയാഴ്ച രാത്രി യുവതിയുടെ അമ്മയാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ പൂച്ചയുടെ മൃതദേഹവുമുണ്ടായിരുന്നു.
എട്ട് വർഷം മുമ്പ് പൂജ ഒരാളെ വിവാഹം കഴിച്ചിരുന്നുവെങ്കിലും രണ്ട് വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. ഈ വിഷമത്തില്‍ നിന്ന് കരകയറാനായിരുന്നു അവള്‍ ഒരു വളര്‍ത്തുമൃഗത്തെ പരിപാലിക്കാന്‍ തുടങ്ങിയത്. തകര്‍ന്ന ജീവിതത്തില്‍ നിന്നും അവളെ തിരികെ കൊണ്ടു വരാന്‍ സഹായിച്ചതും വളര്‍ത്തുപൂച്ചയായിരുന്നു