AI Generated Images
കഴിഞ്ഞദിവസമാണ് ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് ആരോ മാംസം വലിച്ചെറിഞ്ഞതായി വാര്‍ത്ത പരന്നത്. പിന്നാലെ വ്യാജ പ്രചരണങ്ങളും സജീവമായി. സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നും മറ്റ് മതത്തില്‍പ്പെട്ടവര്‍ മനപൂര്‍വം ക്ഷേത്രത്തെ കളങ്കിതമാക്കാന്‍ ചെയ്തതാണെന്നുമെല്ലാം വിമര്‍ശനമുയര്‍ന്നു. പക്ഷേ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് യഥാര്‍ഥ പ്രതിയുടെ ദൃശ്യങ്ങള്‍ കാണിച്ചതോടെ ആരോപണം ഉന്നയിച്ചവരടക്കം ഞെട്ടി. മാംസം കടിച്ചുപിടിച്ച് ക്ഷേത്രനുള്ളിലേക്ക് പോകുന്ന ഒരു പൂച്ചയുടേതായിരുന്നു ദൃശ്യങ്ങള്‍. അരോപണങ്ങളുമായെത്തിയവരെല്ലാം അതോടെ ഇടംവലം നോക്കാതെ സ്ഥലം വിട്ടു.
ബുധനാഴ്ച രാവിലെയായിരുന്നു തപ്പചബുത്രയിലെ ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിൻവശത്തായി 250 ഗ്രാം മാംസക്കഷ്ണം കണ്ടെത്തിയത്. പ്രാര്‍ഥനക്കെത്തിയ ഭക്തര്‍ മാംസം കാണുകയും ക്ഷേത്ര അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. ക്ഷേത്രത്തിലേക്ക് ആരോ മനപൂര്‍വം മാംസം വലിച്ചെറിഞ്ഞു എന്നതായിരുന്നു പ്രചരിച്ച വാര്‍ത്ത. ഒരു ക്ഷേത്ര കമ്മിറ്റി അംഗം ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലും ഇതേ കാര്യം ആരോപിച്ചിരുന്നു. ഇതോടെ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ രംഗത്തെത്തി.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമായി. ഭാരതീയ ജനതാ യുവമോർച്ച അംഗങ്ങളും നാട്ടുകാരും ക്ഷേത്രത്തിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കണ്ടതോടെ പൊലീസുദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ വ്യാജ പ്രചാരണങ്ങള്‍ പാടില്ലെന്നും സംയമനം പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി.