നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ഭ പന്തലിലേക്കുള്ള പ്രവേശനത്തിനായി ഗോമൂത്രം നിര്‍ബന്ധമാക്കണമെന്ന ബിജെപി നേതാവിന്‍റെ പ്രസ്താവന വിവാദത്തില്‍. ചടങ്ങുകളിലേക്ക് ഹിന്ദുക്കള്‍ മാത്രമേ പ്രവേശിക്കുന്നുള്ളൂ എന്നുറപ്പാക്കാനുള്ള ഏകമാര്‍ഗം ഇതുമാത്രമാണെന്നും മധ്യപ്രദേശിലെ ബിജെപി നേതാവ് പറയുന്നു. നവരാത്രി ഗര്‍ഭ പന്തലിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഓരോ സിപ് ഗോമൂത്രം നല്‍കാന്‍ ചടങ്ങിന്‍റെ സംഘാടകരോട് ഇന്‍ഡോറിലെ ബിജെപി നേതാവ് ചിന്തു വര്‍മയാണ് ആവശ്യപ്പെട്ടത്.
ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുളള വ്യക്തിഗതവിവരങ്ങളെല്ലാം എഡിറ്റ് ചെയ്യാന്‍ പറ്റുന്നവയാണ്. അതില്‍ കൃത്രിമത്വം കാണിക്കാനും എളുപ്പമാണ്. അതേസമയം ഗോമൂത്രം കുടിക്കാന്‍ ഒരു ഹിന്ദുവും മടിക്കില്ലെന്നും ചടങ്ങിന്‍റെ പവിത്രത കാത്തു സൂക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും വര്‍മ അവകാശപ്പെടുന്നു. അതേസമയം ഹരിയാന, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ബിജെപി പടച്ചുവിടുന്ന അടുത്ത ധ്രുവീകരണ രാഷ്ട്രീയ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ചിന്തു വര്‍മക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് നീലബ് ശുക്ല രംഗത്തെത്തി. കാര്‍ഷിക പ്രശ്നങ്ങളോ കര്‍ഷകന്റെ അവസ്ഥയോ അഭിമുഖീകരിക്കുന്നതിനു പകരം ഈ രീതിയില്‍ കാര്യങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലാണ് ബിജെപിക്ക് താല്‍പര്യമെന്ന് ശുക്ല വിമര്‍ശിച്ചു. ഗര്‍ഭ പന്തലിലേക്കു കടക്കും മുന്‍പ് ഗോമൂത്രം കുടിക്കുന്ന വിഡിയോ ബിജെപി നേതാക്കള്‍ ആദ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവക്കണമെന്നും ശുക്ല ആവശ്യപ്പെട്ടു.