തെരുവിലിരുന്ന് സ്ഥിരം മദ്യപിക്കുന്നവരോട് ആദ്യം പറഞ്ഞു നോക്കി, അനുസരിക്കുന്ന മട്ടില്ലെന്ന് കണ്ടതോടെ അവസാനം ചൂലെടുത്ത് ഒരു കൂട്ടം സ്ത്രീകള്‍. മുബൈയിലെ തെരുവുകളില്‍ ഇനി മദ്യപിക്കാനിരിക്കുന്നവര്‍ എന്തായാലും ഈ വിഡിയോ കണ്ടാല്‍ മദ്യപാനമേ ഉപേക്ഷിച്ച് രക്ഷപ്പെട്ടോടും എന്നുറപ്പാണ്.
പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും ഈ ‘പൊതുശല്യം’ ഒഴിവാകുന്നില്ലെന്ന് കണ്ടതോടെ സ്ത്രീകള്‍ കയ്യില്‍ ചൂലുമായി ഇറങ്ങുകയായിരുന്നു. നിമിഷനേരം കൊണ്ട് ലാല്‍ജി പതയിലെ കണ്ടിവലി ‘ശുദ്ധമായി’. കൂട്ടത്തിലൊരാള്‍ എടുത്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇവര്‍ ചെയ്തത് ശരിയാണെന്ന് പറഞ്ഞ് കൂട്ട കയ്യടി.
കയ്യില്‍ ചൂലുമെടുത്ത് തെരുവിലേക്കിറങ്ങിയ സ്ത്രീകള്‍ പെതുസ്ഥലത്ത് മദ്യപിക്കുന്നവരെ തിരഞ്ഞുപിടിച്ച് അടികൊടുത്ത് ഓടിക്കുകയാണ്. ‘ഈ ലോകം നന്നാകണമെങ്കില്‍ സ്ത്രീകളുടെ കയ്യില്‍ ചുമതലകള്‍ ഏല്‍പ്പിക്കണം’, ‘ഭരണസംവിധാനങ്ങള്‍ക്ക് കഴിയാത്തത് ഈ പെണ്ണുങ്ങള്‍ക്ക് സാധിക്കുന്നു’, ‘ആ പ്രദേശം അവര്‍ അങ്ങനെ ശുദ്ധീകരിച്ചു’ തുടങ്ങിയ കമന്‍റുകളാണ് വിഡിയോയുടെ താഴെ വന്നു നിറയുന്നത്.
‘പൊലീസ് പോലും കയ്യുംകെട്ടി നോക്കിനില്‍ക്കുന്നിടത്ത് ഇവര്‍ മാതൃകയാകുന്നു’ എന്നാണ് മിക്കവരും കമന്‍റ് ചെയ്തിരിക്കുന്നത്. മുംബൈ പൊലീസിനെ ടാഗ് ചെയ്തും കമന്‍റ് സെക്ഷനില്‍ മെന്‍ഷന്‍ ചെയ്തും നിരവധി പേര്‍ രംഗത്തെത്തി.