gujarat-madhapar

ചിത്രം; എക്‌സ്

TOPICS COVERED

 ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നഗ്രാമം ഏതാണെന്ന് ചോദിച്ചാല്‍ ഇനി സംശയമില്ലാതെ പറയാം അത് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തിലെ മാധാപര്‍ എന്ന്. ബുജ് മേഖലയുടെ പ്രാന്തപ്രദേശമാണ് മാധാപര്‍. ഗുജറാത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യലക്ഷ്യകേന്ദ്രമായി ഇതിനോടകം മാറിക്കഴിഞ്ഞു. ലോകത്തിലെ തന്നെ പ്രധാന വാണിജ്യകമ്പനികളുടെ ഉപകേന്ദ്രങ്ങളും ഇന്നിവിടെയുണ്ട്. പക്ഷേ ഗുജറാത്തിന്റെ സമ്പന്നതയും അഭിവൃദ്ധിയും നഗരങ്ങളില്‍ മാത്രമല്ലെന്നതാണ് വസ്തുത. കച്ചിലെ മാധാപര്‍ ആണ് ഏഷ്യയിലെ പണക്കാരുടെ ഗ്രാമമായി ഇന്ന് അറിയപ്പെടുന്നത്. ഈ ഗ്രാമത്തിലെ നാട്ടുകാരാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം കൈവശമുള്ളവരെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ഗ്രാമത്തിലെ നിക്ഷേപം ഏഴായിരം കോടി വരെയെന്നാണ് റിപ്പോര്‍ട്ടുകള്‍. പട്ടേല്‍ സമുദായമാണ് മാധാപറില്‍ ഏറ്റവും കൂടുതലുള്ളത്. 2021ല്‍ 17,000 എന്ന തോതില്‍ നിന്നും 32,000വരെയായി വളര്‍ന്നു പട്ടേല്‍ സമുദായത്തിന്റെ ജനസംഖ്യ. 7000കോടി നിക്ഷേപം എന്നു പറയുമ്പോള്‍ തന്നെ ആ ഗ്രാമത്തിന്റെ സാമ്പത്തിക അടിത്തറ എത്രമാത്രമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പൊതുസ്വകാര്യ ബാങ്കുകളടക്കം 17 ബാങ്കുകളാണ് ഈ ഗ്രാമത്തിലുള്ളത്. എസ്ബിഐ, എച്ച്ഡിഎഫ്‌സി,പിഎന്‍ബി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂണിയന്‍ ബാങ്കുള്‍പ്പെടെ ഈ ലിസ്റ്റില്‍പ്പെടുന്നു. ഒരു കുഞ്ഞുഗ്രാമത്തില്‍ ഇത്രമാത്രം ബാങ്കുകളുണ്ട് എന്നതുതന്നെ അമ്പരപ്പിക്കുന്ന കാര്യമാണ്.

ഈ ഗ്രാമത്തിന്റെ സമ്പന്നതയ്ക്കു കാരണം മറ്റൊന്നുമല്ല, എന്‍ആര്‍ഐ താമസക്കാര്‍ അഥവാ വിദേശഗുജറാത്തികള്‍ തന്നെ. വിദേശത്ത് താമസമാക്കിയ ഇവര്‍ പ്രതിവര്‍ഷം കോടികളാണ് ഈ നാട്ടിലെ പോസ്റ്റ്ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും നിക്ഷേപം നടത്തുന്നത്. 20,000ത്തോളം വീടുകളാണ് ഇവിടെയുള്ളത്. അതില്‍ 1200ഓളം കുടുംബങ്ങള്‍ വിദേശരാജ്യങ്ങളിലാണ് ,പ്രത്യേകിച്ചും ആഫ്രിക്കന്‍ രാജ്യങ്ങളില്‍. മധ്യആഫ്രിക്കയിലെ നിര്‍മാണമേഖലകളില്‍ ഏര്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഗുജറാത്തികളാണ്. യുകെ, ഓസ്ട്രേലിയ, അമേരിക്ക, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലുമുണ്ട് ഗുജറാത്തികളുടെ ശക്തികേന്ദ്രങ്ങള്‍.

ജോലിയും താമസവും എല്ലാം അന്യദേശത്തെങ്കിലും നിക്ഷേപം സ്വന്തം നാട്ടില്‍ത്തന്നെ നടത്തുന്നവരാണ് മാധാപര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവര്‍. കോടികളാണ് നിക്ഷേപമായി വരുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാധാപര്‍ ഗ്രാമത്തിലെ ബാങ്ക് മാനേജര്‍ പറയുന്നു. വെള്ളം, റോഡ്, സാനിറ്റേഷന്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനവികസനങ്ങളെല്ലാം നേടിക്കഴിഞ്ഞവരാണ് ഇന്നാട്ടുകാര്‍. ബംഗ്ലാവുകളും, സ്വകാര്യ സര്‍ക്കാര്‍ സ്കൂളുകളും തടാകങ്ങളും ക്ഷേത്രങ്ങളുംകൊണ്ടും സമ്പന്നമാണ് ഇന്നാട്.

Asia’s richest village in Gujarat:

Asia’s richest village in Gujarat. It holds fixed depostits worth 7000crore. Reason behind the prosperity is NRI Families