രാജ്യതലസ്ഥാനത്തുള്ളവര്‍ക്ക് പൂക്കളുടെ വസന്തമൊരുക്കി രാഷ്ട്രപതി ഭവന്‍. ഇനിയുള്ള ഒരുമാസക്കാലം അമൃത് ഉദ്യാനത്തിലെ മനംകുളിര്‍ക്കുന്ന കാഴ്ചകള്‍ പൊതുജനങ്ങള്‍ക്കും കാണാം. പൂക്കളുടെ ഭംഗിക്കൊപ്പം വിനോദവും വിജ്ഞാനവും പങ്കുവയ്ക്കുന്നുണ്ട് ഉദ്യാനം.
15 ഏക്കറില്‍ പരന്നുകിടക്കുന്ന വിശാലമായ ഉദ്യാനം. വൈവിധ്യം നിറഞ്ഞ മരങ്ങളും ചെടികളും ഔഷധസസ്യങ്ങളും. അതിനിടയിലൂടെ യഥേഷ്ടം സഞ്ചരിക്കുന്ന മയിലുകള്‍. രാഷ്ട്രപതി ഭവന്റെ ആത്മാവെന്ന വിളിപ്പേര് അന്വര്‍ഥമാക്കുന്നതാണ് അമൃത് ഉദ്യാനത്തിലെ കാഴ്ച്ചകള്‍.
ബാല്‍ വാടിക എന്ന പേരില്‍ കുട്ടികള്‍ക്കായി പ്രത്യേക പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. 225 വര്‍ഷം പഴക്കമുള്ള മരവും പ്രകൃതിദത്ത ക്ലാസ് റൂമുകളും വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കും. പരാഷ്ട്രപതി ഭവനിലെ രണ്ട് മ്യൂസിയങ്ങളും പൊതുജനങ്ങള്‍ക്കായി തുറക്കും. സ്വാതന്ത്ര്യ സമര ചരിത്രം മുതല്‍ രാഷ്ട്രപതിക്ക് വിവിധ രാജ്യങ്ങളില്‍നിന്ന് ലഭിച്ച സമ്മാനങ്ങള്‍ വരെ അതിലുണ്ട്. വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 16 വരെയാണ് പൊതുജനങ്ങള്‍ക്ക് അമൃത് ഉദ്യാനത്തില്‍ പ്രവേശനം.