പഴയകാല ഓര്‍മകളുടെ അയവിറക്കാന്‍ അവര്‍ സ്കൂള്‍ മുറ്റത്ത് ഒത്തുകൂടിയതാണ്. പ്രായം പിന്നോട്ടു പോയില്ലെങ്കിലും മനസ്സിനെ ആ സ്കൂള്‍ കാലത്തിലേക്ക് പരുവപ്പെടുത്തിയവര്‍ എത്തിയത് ബാഗും സ്കൂള്‍ യൂണിഫോമും ധരിച്ച്. ഇത്രയൊക്കെ ചെയ്തിട്ടും എന്തോ ഒരു കുറവുണ്ടല്ലോ എന്ന ബോധ്യപ്പെട്ടപ്പോള്‍ അവര്‍ അതും നികത്തി, പ്രിന്‍സിപ്പലിന്‍റെ ചൂരലടി.
പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്‍റെ വിഡിയോ എന്തായാലും സമൂഹമാധ്യമത്തില്‍ ഹിറ്റാണ്. ‘എത്ര നിഷ്ക്കളങ്കരാണിവര്‍’ എന്നാണ് പലരുടെയും കമന്‍റ്.
അന്‍പതും അറുപതും വയസ്സുള്ള ഈ ‘കുട്ടികളില്‍’ പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും വക്കീലന്മാരും അധ്യാപകരും വ്യവസായികളുമെന്നിങ്ങനെ സമൂഹത്തില്‍ പല നിലകളിലുള്ളവരുമുണ്ടായിരുന്നു. സ്കൂള്‍കാല ഓര്‍മകളില്‍ മുഴുകിയ ഇവരുടെ സംഗമത്തിലെ ഹൈലൈറ്റ് പ്രിന്‍സിപ്പല്‍ തന്നെയാണെന്നതില്‍ കാഴ്ചക്കാര്‍ക്കും തര്‍ക്കമില്ല.
സ്കൂള്‍ യൂണിഫോമിനെ ഓര്‍മിപ്പിക്കുന്ന വെള്ള ഷര്‍ട്ടും പാന്‍റുമാണ് എല്ലാവരും ധരിച്ചത്. ബാഗും തൂക്കി പ്രിന്‍സിപ്പലിന്‍റെ മുന്നില്‍ വന്ന് തിരിഞ്ഞുനിന്ന് ഓരോരുത്തരായി ചൂരല്‍ക്കഷായം വാങ്ങി മാറി. ഇതാണ് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച അനുഗ്രഹം എന്നാണ് പൂര്‍വ വിദ്യാര്‍ഥികള്‍ പറഞ്ഞത്.