ഭാര്യയും താനും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റെടുത്ത് അമ്മായിയമ്മ പല്ലു തേച്ചതിന് വിനോദയാത്ര ഉപേക്ഷിച്ച് തിരികെ നാട്ടിലേക്ക് മടങ്ങി യുവാവ്. സോഷ്യല്‍മീഡിയയിലൂടെ യുവാവ് തന്നെയാണ് ഇക്കാര്യം നെറ്റിസണ്‍സിനെ അറിയിച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ കുറിപ്പ് സോഷ്യലിടത്ത് വൈറലാണ്.
ഇറ്റലിയിലെ വെനീസിലേക്ക് യാത്ര പോകണം എന്ന് ഭാര്യയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അതിനാല്‍ അവധിക്കാലം ആഘോഷിക്കാന്‍ യുവാവും ഭാര്യയും വെനീസ് തിരഞ്ഞെടുത്തു. തങ്ങളുടെ അഞ്ചുവയസുകാരി മകളെ അമ്മായിയമ്മയെ ഏല്പിച്ചു യാത്ര പോകാനാണ് ഇരുവരും ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ യാത്രയെ കുറിച്ചറിഞ്ഞപ്പോള്‍ അമ്മായിയമ്മ കൂടെ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും യാത്രയ്ക്ക് കൂടെ കൂട്ടേണ്ടിവന്നെന്നും യുവാവ് അറിയിച്ചു. അമ്മായിയമ്മ കൂടെ വരുന്നതില്‍ ഭാര്യയ്ക്ക് സന്തോഷമുണ്ടായിരുന്നെങ്കിലും തനിക്ക് വലിയ താല്പര്യമില്ലായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
ഒരു ദിവസം യുവാവും ഭാര്യയും പുറത്തുപോയി വന്ന സമയത്ത് അമ്മായിയമ്മ ഇവരുടെ കിടക്കയില്‍ ഇരിക്കുകയായിരുന്നുവെന്നും അത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. താനും ഭാര്യയും കിടക്കുന്ന കട്ടിലില്‍ മറ്റൊരാള്‍ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്നും സ്വകാര്യതയ്ക്ക് കുറച്ചധികം പ്രാധാന്യം കൊടുക്കുന്നയാളാണ് ഞാനെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ഇത് ആദ്യമായല്ല തങ്ങളുടെ മുറിയില്‍ അനുവാദമില്ലാതെ അമ്മായിയമ്മ കയറുന്നതെന്നും തലയില്‍ കെട്ടുന്ന ബാന്‍റിനായി തങ്ങളുടെ അലമാരയെല്ലാം തുറന്നുനോക്കാറുണ്ടായിരുന്നതായും യുവാവ് വെളിപ്പെടുത്തി. അവസാനം അതില്‍ നിന്ന് രക്ഷപ്പെടാനായി അലമാരകള്‍ പൂട്ടിയിടുകയായിരുന്നു.
അവസാനം താനും ഭാര്യയും ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റ് കൂടെ അമ്മായിയമ്മ ഉപയോഗിക്കുന്നത് കണ്ടതോടെ തന്‍റെ നിയന്ത്രണം നഷ്ടമായെന്ന് യുവാവ്. തുടര്‍ന്ന് സംഭവം അമ്മായിയമ്മയോട് നേരിട്ട് സംസാരിച്ചു. തന്‍റെ ഭാര്യയുടെ സാധനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കരുത് എന്ന് വളരെ മാന്യമായി അമ്മായിമ്മയോട് പറഞ്ഞുവെന്നും യുവാവ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം അമ്മായിയമ്മ ഭാര്യയോട് പറഞ്ഞതോടെ വിഷയം വലിയൊരു തര്‍ക്കത്തിലേക്ക് മാറി. തര്‍ക്കം മുറുകിയതോടെ തിരിച്ചുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്ത് താന്‍ തിരികെ പോരുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
ഭാര്യ നിരവധി തവണ തിരികെ വിളിച്ചെങ്കിലും തീരുമാനം മാറ്റാന്‍ യുവാവ് തയാറായില്ല. മകള്‍ വിഷമത്തിലാണെന്ന് ഭാര്യ അറിയിച്ചു. മകളെ വിഷമിപ്പിക്കേണ്ടി വന്നതില്‍ ദു:ഖമുണ്ട്. എന്നാല്‍ അമ്മായിയമ്മയുടെ പ്രവൃത്തി എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. അവിടെ താമസിക്കാന്‍ ഭാര്യയുടെ കയ്യില്‍ ആവശ്യത്തിന് പണമുണ്ടെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് യുവാവിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി.
വിമര്‍ശനങ്ങള്‍ കണ്ട് തെറ്റ് മനസിലാക്കി യുവാവ് ഭാര്യയെ തിരികെ വിളിച്ചെങ്കിലും ഭാര്യ നമ്പര്‍ ബ്ലോക്ക് ആക്കിയിരുന്നു. വിവാഹമോചനത്തിനായി ഭാര്യ കേസ് ഫയല്‍ ചെയ്തുവെന്നും അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവാവ് പിന്നീട് കുറിപ്പില്‍ വ്യക്തമാക്കി.