ചീഞ്ഞുനാറിയ ജാതിവ്യവസ്ഥയ്ക്കും പുരുഷക്രൂരതയ്ക്കും ഇരയായ ദലിത് പെണ്‍കുട്ടി. ആ വേദനയെ അതിജീവിക്കാന്‍ ബലാത്സംഗം ചെയ്തവര്‍ക്കൊപ്പം ചേരേണ്ടിവന്ന നിസഹായത. മാസങ്ങള്‍ കാത്തിരുന്ന് ഒറ്റയടിക്ക് 20പേരെ തീര്‍ത്ത പക. സമൂഹം വളര്‍ത്തി വലുതാക്കിയ ചമ്പലിലെ കൊള്ളറാണി ഫൂലന്‍ ദേവി. ഒടുവില്‍ ജാതിവെറിയില്‍ തന്നെ തീരേണ്ടിവന്ന ദലിത്ജീവിതം. ‘ബാന്‍ഡിറ്റ് ക്വീന്‍ ’എന്നറിയപ്പെട്ട ഫൂലന്‍ ദേവിയുടെ 23വര്‍ഷങ്ങളുടെ ഓര്‍മ.
മറ്റുള്ളവര്‍ കുറ്റമെന്നു വിളിച്ചതിനെ നീതിയെന്ന് വിളിച്ചു, ജാതിക്കോമരങ്ങളുടെ ഗര്‍വിനും അധികാരധാര്‍ഷ്ട്യത്തിനും കീഴില്‍ കൗമാരവും യൗവനവും അടിയറവക്കേണ്ടിവന്ന ഫൂലന്‍.
പുരുഷന്റെ ക്രൂരതയുടെ ഇര, ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയിലെ ഗുരകാ പര്‍വ എന്ന ഗ്രാമത്തില്‍ തങ്ങളുടെ സമുദായത്തിനെ മേല്‍ജാതിയില്‍പ്പെട്ട താക്കൂര്‍മാര്‍ ചവിട്ടിയരയ്ക്കുന്നത് കണ്ടാണ് ഫൂലനും സഹോദരങ്ങളും വളര്‍ന്നത്. ഈ പീഡനങ്ങളൊക്കെ കണ്ണടച്ച് സഹിച്ച അച്ഛന്‍ , ആരുടെ മുന്നിലും തലകുനിച്ച് നില്‍ക്കേണ്ടെന്നും പകരത്തിനു പകരം ചെയ്യണമെന്നും പഠിപ്പിച്ചഅമ്മ.
അമ്മ തന്ന വീര്യത്തോടെ പത്താംവയസുമുതല്‍ തുടങ്ങി ഫൂലന്റെ പോരാട്ടം. മൂത്ത സഹോദരിയുമായി ചേര്‍ന്ന് ബന്ധുക്കള്‍ തട്ടിയെടുത്ത കൃഷിയിടത്തില്‍ കുത്തിയിരുന്നു. വിളഞ്ഞുകിടന്ന നിലക്കടലകള്‍ പറിച്ചെടുത്ത് അത് തന്റെ കുടുംബത്തിന്റെ വിയര്‍പ്പെന്നുപറഞ്ഞു അവള്‍ വാശിയോടെ കഴിച്ചു. ബോധം മറയുന്നത് വരെ തല്ലിച്ചതച്ച് കൃഷിയിടത്തില്‍ നിന്നും അവര്‍ അവളെ വലിച്ച് പുറത്തിട്ടു. ആ പോരാട്ടം നീതിക്കുവേണ്ടിയായിരുന്നെങ്കിലും ഗ്രാമം മുഴുവന്‍ ഫൂലനും കുടുംബത്തിനുമെതിരേ തിരിഞ്ഞു. ഗ്രാമം മുഴുവന്‍ ഫൂലന്‍ ഒരു പ്രശ്‌നക്കാരിയായി ചിത്രീകരിക്കപ്പെട്ടു. ഇതോടെ കൂടുതല്‍ 'വഴിതെറ്റാതെ' ഫൂലനെ എത്രയും വേഗം കല്യാണം കഴിപ്പിച്ചയക്കണമെന്ന് ആവശ്യമുയര്‍ന്നു.
അങ്ങനെ പതിനൊന്നാം വയസില്‍ വിവാഹം,അന്നുമുതല്‍ തുടങ്ങിയ പീഡനം, ഭര്‍ത്താവിനെ പേടിച്ച് അവള്‍ സ്വന്തം നാട്ടിലേക്ക് ഓടിപ്പോന്നു. അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമായ ആ ഗ്രാമം പക്ഷേ അവളെ ഏറ്റെടുത്തില്ല, വേശ്യയെന്ന് കൂകിവിളിച്ചു, അപ്പോഴും പക്ഷേ വീട്ടുകാര്‍ക്ക് അവള്‍ തുണയായിരുന്നു. തന്റേടിയായ ഫൂലന്‍. തന്റേടിയെങ്കിലും ജീവിതത്തിന്റെ അറിവില്ലാത്ത കോണുകളിലെവിടെയൊക്കെയോ അവള്‍ വെറുമൊരു പെണ്ണായി മാറി. ഫൂലന്റെ അച്ഛന്റെ ജ്യേഷ്ഠ സഹോദരന്‍ ആാധാരത്തില്‍ കൃത്രിമം കാട്ടിയത് കണ്ടുപിടിച്ച ഫൂലനെ സവര്‍ണ സ്വാധീനവും സമ്പത്തും ഉപയോഗിച്ച് അവര്‍ കള്ളക്കേസില്‍ കുടുക്കി. പൊലീസ് കസ്റ്റഡിയില്‍ ഒരു മാസം, ശ്വാസം മാത്രം അവശേഷിപ്പിച്ച ഒരു പെണ്‍ശരീരമായി ഫൂലന്‍ വീട്ടില്‍ തിരിച്ചെത്തി. മര്‍ദനമേറ്റും കൂട്ടബലാത്സംഗത്താലും അവള്‍ ജീവനുള്ള ശവമായി മാറി. തീര്‍ന്നില്ല ബന്ധുവിന്റെ പ്രതികാരം, അയാള്‍ ഏര്‍പ്പാടാക്കിയ കൊള്ളത്തലവന്‍ ബാബു സിംഗ് ഗുജ്ജർന്റെ സംഘം ഫൂലനെ പിടിച്ചുകൊണ്ടുപോയി അതിക്രൂരമായി രണ്ടുമൂന്ന് ദിവസം ക്രൂരമായി ബലാത്സംഗം ചെയ്തു.
പീഡനപരമ്പരയുടെ മൂന്നാം ദിവസം, അത് കണ്ടുനില്‍ക്കാന്‍ കഴിയാതെ ഗുജ്ജറിന്റെ സംഘത്തില്‍ തന്നെയുള്ള വിക്രം മല്ല നേതാവിനെ വെടിവച്ചുകൊന്നു. തുടര്‍ന്ന് സവര്‍ണനായ ബാബു ഗുജാറിനെ കൊന്ന് അവര്‍ണനായ വിക്രം മല്ല കൊള്ളത്തലവനായി. രാജാവിനെപ്പോലെ കൊളളക്കാര്‍ കാണുന്ന സംഘത്തലവന്റെ ഭാര്യയായി ഫൂലനും. തുടര്‍ന്ന് സംഘാംഗങ്ങള്‍ അയാളെയും കൊലപ്പെടുത്തി. മനക്കരുത്ത് കൈവിടാത്ത ഫൂലന്‍ പക്ഷേ കൊള്ളക്കാരുടെ തലവിയായി. ഇരുപതും നിറഞ്ഞ യൗവനത്തില്‍ കൊള്ളസംഘത്തെ നയിക്കാന്‍ തക്ക പ്രാപ്തിയുളള കൊള്ളക്കാരിയായി . ഉയര്‍ന്ന ജാതിയില്‍ പെട്ട സമ്പന്നരില്‍ നിന്നും പണം കൊളളയടിച്ച് പിന്നീട് താഴ്ന്ന ജാതിയില്‍ പെട്ട പാവങ്ങള്‍ക്ക് വിതരണം ചെയ്തു. അങ്ങനെ സാധാരണക്കാര്‍ക്കിടയില്‍ ഫൂലന്‍ പെട്ടെന്ന് പ്രിയങ്കരിയായി.
ജാതിവ്യവസ്ഥയുടെ പേരില്‍ ഇത്രമാത്രം കെടുതി അനുഭവിക്കേണ്ടി വന്ന മറ്റൊരു വനിതാനേതാവ് ഉണ്ടോയെന്ന് സംശയമാണ്. കാൺപൂരിനടുത്തുള്ള ബെഹ്‌മെയി എന്ന ഗ്രാമം ഒരു രാത്രി ചമ്പൽകൊള്ളക്കാർ വളഞ്ഞ് ആക്രമിച്ചത്തിന്റെ പിറ്റേന്നാണ് ഇന്ത്യാരാജ്യം ഫൂലൻ ദേവി എന്ന പേര് ആദ്യമായി കേൾക്കുന്നത്. ഇന്ത്യയെ വിറപ്പിച്ച കൂട്ടക്കൊലയായിരുന്നു ബെഹ്‌മെയിയിലേത്. 20 മേൽജാതിക്കാരെ വെടിവച്ചുകൊന്നസംഭവത്തിന്റെ നടുക്കത്തില്‍ മുഖ്യമന്ത്രി വി പി സിങ്ങിന് കസേരതെറിച്ചു. തന്നെ ക്രൂര ബലാത്സംഗം ചെയ്ത ഠാക്കൂര്‍ സമുദായക്കാരോടുള്ള പകയായിരുന്നു ഫൂലന്‍ ബെഹ്മായ് ഗ്രാമത്തില്‍വച്ച് ഒറ്റയടിക്ക് 20പേരെ തീര്‍ത്തതിലൂടെ നിറവേറ്റിയത്. പക തീര്‍ക്കാന്‍ മാസങ്ങള്‍ കാത്തിരുന്ന ഫൂലന്‍ ആയോധന കലയില്‍ പ്രാവീണ്യമുള്ള കുറച്ചുപേരെകൂടി ചേര്‍ത്താണ് സംഘം ശക്തമാക്കിയത്. കുഗ്രാമത്തിലെ പെണ്‍കുട്ടിയില്‍ നിന്നും പ്രതികാരദുര്‍ഗ്ഗയായി ദ്രോഹിച്ചവരെയെല്ലാം അവള്‍ ചുട്ട് ചാമ്പലാക്കി.
തൂക്കിക്കൊല്ലില്ലെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് 1983ലാണ് ഫൂലന്‍ ആയുധം വച്ച് കീഴടങ്ങിയത്. ഫൂലന്റെ കൂടെയുള്ളവര്‍ക്ക് എട്ടുവര്‍ഷത്തിലധികം തടവുശിക്ഷ നല്കില്ലെന്നും കരാറുണ്ടാക്കിയിരുന്നു.12 വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഫൂലന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായി. 1996ലും 99ലും മിര്‍സാപൂരില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. .തൊഴില്‍ ക്ഷേമ സമിതിയില്‍ അംഗവുമായിരുന്നു ഫൂലന്‍. എംപിയായതിനു ശേഷം ജനസേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകി പുതിയൊരു ജീവിതത്തിന്റെ താളം വീണ്ടെടുത്തു .എന്നാല്‍ ജാതിപ്പക പിന്നെയും വാ പിളര്‍ത്തിവന്നു. 2001 ജൂലൈ 25ന് ഡൽഹിയിലെ ഔദ്യോഗിക വസതിയുടെ മുറ്റത്തുവച്ച് 37കാരിയായ ഫൂലനെ എതിരാളികൾ വെടിവച്ചുകൊന്നു. പാർലമെന്റ് സമ്മേളനത്തിനിടെ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് ജാതിപ്പക ഒരു ദളിത് വനിതയുടെ ജീവനെടുത്തത്.