അതിരുകളില്ലാത്ത ആഘോഷങ്ങളുമായി അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന് ഒരുങ്ങി മുംബൈ. പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറുടെ പാട്ടും കഴിഞ്ഞ് കല്യാണമേളം അരങ്ങ് തകര്‍ക്കുകയാണ്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസം മുംബൈ നഗരത്തില്‍ ഗതാഗത നിയന്ത്രണം വരെ ഏര്‍പ്പെടുത്തി.
കല്യാണമേളം കൊഴുപ്പിച്ചുകൊണ്ട് പോപ്പ് സൂപ്പര്‍ താരം ജസ്റ്റിന്‍ ബീബറുടെ പാട്ട്. ''സംഗീത്'' എന്ന പരിപാടിക്ക് താളംപിടിച്ച് ബോളിവുഡ് താരനിര. മുംബൈയില്‍ ആഘോഷം തുടങ്ങിയിട്ടേയുള്ളൂ. മാര്‍ച്ചില്‍ ഗുജറാത്തിലെ ജാംനഗറില്‍ തുടങ്ങിയ പ്രീവെഡ്ഡിങ് സെഷന്‍. അന്ന് പോപ്പ് ഗായിക റിഹാന ആയിരുന്നു മുഖ്യ ആകര്‍ഷണം. രണ്ടാമത്തെ വലിയ പരിപാടി ഇറ്റലിയിലെ ആഡംബര കപ്പലില്‍. ഏറ്റവുമൊടുവില്‍ ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വീകരണം
ക്ഷണപത്രിക മുതല്‍ വിവാഹ വസ്ത്രങ്ങളുടെ നിറം വരെ. ജസ്റ്റിന്‍ ബീബറിന് പ്രതിഫലമായി നല്‍കിയ 83 കോടി മുതല്‍ ആകെ ചെലവെന്ന് അഭ്യൂഹം പരക്കുന്ന 1,500 കോടി വരെ. അംബാനിക്കല്യാണത്തില്‍ തൊട്ടതെല്ലാം വൈറലാണ്. മുംബൈയില്‍ അംബാനി കുടുംബം സമൂഹ വിവാഹവും നടത്തി. 50 ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത് സ്വര്‍ണവും വെള്ളിയും. ഈമാസം 12ന് മുംബൈ ബികെസിയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് അനന്തിന്‍റെയും രാധികയുടെയും വിവാഹം. 14 നടക്കുന്ന വിവാഹവിരുന്നോടെ ആഘോഷങ്ങള്‍ അവസാനിക്കും. കല്യാണത്തിരക്ക് കണക്കിലെടുത്ത് 12 മുതല്‍ 14 വരെ മുംബൈ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് മറ്റൊരു ചര്‍ച്ച. സ്വകാര്യ പരിപാടിക്ക് എന്തിന് സാധാരണക്കാരുടെ വഴിമുടക്കുന്നു എന്ന വിമര്‍ശനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.