wedding

വിവാഹ ചടങ്ങിനിടെ വരന്‍ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്ന ആളാണെന്ന് അറിഞ്ഞതിനെ തുടർന്ന് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. യുപിയിലെ ഭദോഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം. വധുവിന്‍റെ വീട്ടുകാർ വരനെയും പിതാവ് ജയപ്രകാശിനെയും മുത്തച്ഛൻ മേവലാലിനെയും ബന്ദികളാക്കി വിവാഹ ഒരുക്കങ്ങൾക്കായി ചെലവഴിച്ച എട്ട് ലക്ഷം രൂപ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. 

സിറ്റി കോട്‌വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഫട്ടുപൂർ പ്രദേശത്തെ താമസക്കാരിയായ ഷീലാദേവിയുടെ മകൾ പിങ്കിയും ജൗൻപൂർ ജില്ലയിലെ ജയറാംപൂർ സ്വദേശിയായ ഗൗതമുമായുള്ള വിവാഹമാണ് മുടങ്ങിയത്.

ബുധനാഴ്ച രാത്രി വിവാഹ ഘോഷയാത്ര എത്തിയപ്പോൾ വരൻ മദ്യലഹരിയിലായിരുന്നുവെന്നും സ്റ്റേജിൽ നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നും വധുവിന്‍റെ ബന്ധുക്കള്‍ പറയുന്നത്. ഇത് കണ്ട് ചിലർ സ്റ്റേജിലെത്തിയപ്പോൾ വരൻ ഇറങ്ങിപ്പോയി. ശേഷം വരൻ വേദിക്ക് പിന്നിൽ നിന്ന് കഞ്ചാവ് വലിക്കുകയായിരുന്നെന്നാണ് വധുവിന്‍റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിൽ പ്രകോപിതയായ വധു വിവാഹത്തിൽ നിന്ന പിൻമാറുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വധു തന്‍റെ തീരുമാനത്തില്‍ നിന്നും പിന്‍മാറിയില്ല. വ്യാഴാഴ്ച രാവിലെയാണ് ബന്ദികളാക്കിയ വരനെയും വീട്ടുകാരെയും വിട്ടയച്ചത്.

ENGLISH SUMMARY:

UP bride refuses to marry after finding groom drunk, smoking marijuana