anant-wedding-card

ചിത്രം : എക്സ്

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന അനന്ത് അംബാനി – രാധിക മെര്‍ച്ചന്‍റ് വിവാഹത്തിന്‍റെ ക്ഷണക്കത്ത് പുറത്ത്. ജൂലൈ 12ന് നടക്കുന്ന വിവാഹച്ചടങ്ങില്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുളള പ്രമുഖര്‍ പങ്കെടുക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വിവാഹം മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാണ് നടക്കുക. ക്ഷണക്കത്തിന്‍റെ ചിത്രം പ്രമുഖ ദേശീയ മാധ്യമം പുറത്തുവിട്ടതോടെയാണ് വിവാഹദിനത്തെ കുറിച്ചും അന്നേ ദിവസത്തെ ചടങ്ങുകളെ കുറിച്ചുമുളള വാര്‍ത്ത പുറത്തുവന്നത്. വളരെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം അയച്ച ഈ ക്ഷണക്കത്തില്‍ ഔദ്യോ​ഗിക ക്ഷണ പത്രിക ഉടനെ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ക്ഷണക്കത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

ചുവപ്പും സ്വര്‍ണനിറവും കലര്‍ന്ന ക്ഷണക്കത്തില്‍ മൂന്ന് ദിവസത്തെ ചടങ്ങുകളെ കുറിച്ചുളള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസവും ധരിക്കേണ്ട വസ്ത്രത്തെ കുറിച്ചും ക്ഷണക്കത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ജൂലൈ 12നാണ് ചടങ്ങുകള്‍ ആരംഭിക്കുക. ശുഭ് വിവാഹ്' എന്നാണ് ആദ്യദിനത്തിലെ ചടങ്ങിന്‍റെ പേര്. ഈ ദിവസം പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമാണ് അതിഥികള്‍ ധരിക്കേണ്ടത്. വിവാഹത്തിന്‍റെ രണ്ടാം ദിനത്തിന് 'ശുഭ് ആശിർവാദ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ദിവസം ധരിക്കേണ്ടത് ഇന്ത്യന്‍ ഫോര്‍മല്‍ വസ്ത്രങ്ങളാണ്. മൂന്നാം ദിനത്തെ സൂചിപ്പിച്ചിരിക്കുന്നത് 'മംഗള്‍ ഉല്‍സവ്' എന്നാണ്. ഇന്ത്യന്‍ ചിക് വസ്ത്രങ്ങളാണ് ഈ ദിവസത്തില്‍ ധരിക്കേണ്ടത്. വിവാഹസല്‍ക്കാരമാണ് അന്ന് നടത്തുന്നത്. 

അതിഥികള്‍ക്കുളള ഔദ്യോ​ഗിക ക്ഷണ പത്രിക ഉടന്‍ ഉണ്ടാകുമെന്ന് മുകേഷ് അംബാനിയും നിത അംബാനിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അനന്ത് അംബാനിയുടെ രണ്ടാമത്തെ പ്രീ വെഡിങ് പാർട്ടി രണ്ട് ദിവസമായി തുടങ്ങിയിട്ട്.  ഇറ്റലിയിൽ നിന്ന് ആരംഭിച്ച ക്രൂയിസ് യാത്രയിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഈ ആഘോഷത്തില്‍ ഏകദേശം 800 അതിഥികളാണ് പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രൺബീർ കപൂർ, ആലിയ ഭട്ട്, എംഎസ് ധോണി, രൺവീർ സിംഗ്, സാറാ അലി ഖാൻ, സൽമാൻ ഖാൻ, ഇബ്രാഹിം ഖാൻ, കരീന കപൂർ ഖാൻ, ജാൻവി കപൂർ, അച്ഛൻ ബോണി കപൂർ, അനന്യ പാണ്ഡെ, കരൺ ജോഹര്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.