ചിരിയുടെ തമ്പുരാന് ഇന്നസെന്റ് വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളം മിസ് ചെയ്യുന്നുണ്ട് ഇന്നസെന്റിനെ. കാരണം, കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഇന്നസെന്റ് അങ്കത്തട്ടിലുണ്ടായിരുന്നു.
ഇന്നസെന്റിന്റെ മനസില്‍ എന്നും രാഷ്ട്രീയമുണ്ടായിരുന്നു. നാല്പത്തിനാലു വര്‍ഷം മുമ്പാണ് ഇരിങ്ങാലക്കുട നഗരസഭയില്‍ കൗണ്‍സിലറായി ജയിച്ചത്. പിന്നെ, മുപ്പത്തിയഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്നസെന്റ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വരുന്നത്. കന്നിമല്സരത്തില്തന്നെ എം.പിയായി പാര്‍ലമെന്റില്‍ എത്തി. ചലച്ചിത്ര താര സംഘടനയെ ദീര്‍ഘകാലം നയിച്ചതിന്റെ അനുഭവസമ്പത്തു വേറെ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും യു.ഡി.എഫ്. തരംഗത്തില്‍ വീണു. ഞാന്‍ മാത്രമല്ലല്ലോ, ഒരാളൊഴികെ ബാക്കി എല്ലാവരും തോറ്റില്ലേ എന്നായിരുന്നു ഇന്നസെന്റിന്റെ ചിരിയില്‍ കലര്‍ന്ന മറുപടി. പല തിരഞ്ഞെടുപ്പു കാലത്തും ഇന്നസെന്റ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ജീവിതത്തിലുടനീളം കണ്ട വ്യക്തി കൂടിയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് വീക്ഷിക്കുന്നവര്‍ക്ക് അതൊരു ആവേശമാണ്. അല്ലാത്തവര്‍ക്കൊരു നേരമ്പോക്കും. ഇന്നസെന്റ് അന്ന് പ്രതികരിച്ചതിങ്ങനെ.
എഴുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. ഇതിനെല്ലാം, പുറമെ രാഷ്ട്രീയത്തിലും മിന്നിത്തിളങ്ങി. കാന്‍സറിനെ ചിരിക്കൊണ്ടു തോല്പിച്ചു. രാഷ്ട്രീയത്തെ ഗൗരവമായി കണ്ടു. സുരേഷ് ഗോപി മല്‍സരിക്കാന്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ സിനിമയില്‍ സുഹൃത്താണെങ്കിലും വോട്ടില്ലെന്നായിരുന്നു ഇന്നസെന്റ് മറുപടി പറഞ്ഞത്. സ്വന്തം രാഷ്ട്രീയനിലപാടിനെ ഹൃദയത്തിലേറ്റിയ വ്യക്തി. ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ അദ്ദേഹത്തിന്റെ അനശ്വര കഥാപാത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. പ്രണാമം അര്‍പ്പിക്കാന്‍ വരുന്നവരുടെ മനസിലെല്ലാം ആ സിനിമാ ജീവിതം മാത്രമല്ല, രാഷ്ട്രീയ ജീവിത പശ്ചാത്തലവും ഓടിയെത്തും.
Innocent first death anniversary