വാലന്റൈന്‍സ് ദിനം പടിവാതില്‍ക്കലെത്തി. പ്രണയത്തിന്റെ തീവ്രത മുറുകുന്ന ദിനങ്ങളാണിനി. ഇന്ന് ഹഗ് ഡേ. ഒന്ന് ചേര്‍ത്ത് പിടിക്കുന്നതിന്റെ കരുതലും സാന്ത്വനവും എത്രമേല്‍ പ്രണയത്തെ മനോഹരമാക്കുന്നു എന്നാണ് ഹഗ് ഡേ പങ്കുവെക്കുന്നത്.
വാലന്റൈന്‍സ് വീക്കിലെ ആറാമത്തെ ദിവസമാണ് ഹഗ് ഡേ. ആലിംഗനം ആശ്വാസത്തിന്റെ ഭാഷയാണ്. ശ്വാസഗതിയുടെ അകലം മാത്രമാണ് നമുക്കിടയിലെന്ന സന്ദേശമാണത്. പ്രിയപ്പെട്ടവരില്‍ നിന്ന് ആലിംഗനം സ്വീകരിക്കുമ്പോള്‍ മനസിലെ ആശങ്കകള്‍ ഒരു നിമിഷത്തേക്കെങ്കിലും മാഞ്ഞുപോകുമെന്നാണ് കണ്ടെത്തല്‍. പരസ്പരം പുണരുമ്പോള്‍ ശരീരത്തിലെ സന്തോഷ ഹോര്‍മോണായ ഓക്സിടോസിന്റെ അളവ് കൂടും. അതാണ് ആശ്വാസവും സന്തോഷവുമൊക്കെ ണ്ടാക്കണത്. നമ്മുടെ ഉള്ളിലൊരു സ്ട്രെസ് ഹോര്‍മോണ്‍ വില്ലനുണ്ട്. കോര്‍ട്ടിസോള്‍. അവനെ പിടിച്ച് കെട്ടാനും അതുവഴി രക്തസമ്മര്‍ദം കുറച്ച് ഉന്മേഷം പകരാനും ആലിംഗനം സഹായിക്കുമെന്നാണ്.
തീര്‍ന്നില്ല നമ്മടെ തലച്ചോറിലൊരു കെമിക്കല്‍ മെസഞ്ചര്‍ ണ്ട്, സെറോടോണിന്‍, മൂപ്പരെ നന്നായി ബൂസ്റ്റ് ചെയ്ത് നമ്മുടെ മാനസീക സംഘര്‍ഷം കുറയ്ക്കാനും ഒരൊറ്റ കെട്ടിപ്പിടുത്തം മതിന്നാണ് ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണ്ടുപിടുത്തം. 20 സെക്കന്റെങ്കിലും നീണ്ടുനില്‍ക്കുന്ന ആലിംഗനത്തില്‍ നിന്നാണ് ഈ ഗുണങ്ങളൊക്കെ ഉണ്ടാവൂ ട്ടോ. നീയൊന്ന് ചേര്‍ത്തുപിടിച്ചാല്‍ തീരാനുളള നോവ് മാത്രമേ എന്നിലുള്ളു എന്ന് പറയാനൊരാളുണ്ടാവട്ടെ എന്നാശംസിച്ച് കൊണ്ട് Happy Hug Day