തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൈതാനത്ത് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നതിനിടെയാണ് സംഭവം. വലിയ ശബ്ദത്തോടെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ മീറ്ററുകളോളം ഉയര്‍ന്നു പൊങ്ങി. ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈർഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈർഘ്യത്തിലും കാറ്റുണ്ടായത്. ശബ്ദത്തോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു പൊങ്ങി. മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ അടങ്ങി. പൊടിക്കാറ്റ് തുടങ്ങിയതോടെ മൈതാനത്തെ അനൗണ്‍സ്മെന്റ് ചുഴലികാറ്റിനെ കുറിച്ചായിരുന്നു.
ചൂടു കൂടുതലുള്ള കാലാവസ്ഥയില്‍ പൊടിപടലങ്ങൾ കാറ്റിനൊപ്പം പറക്കുന്നതാണ് ഡസ്റ്റ് ഡെവിൾ എന്ന പ്രതിഭാസം. 18 ഇഞ്ച് മുതൽ 30 ഇഞ്ച് വരെ ഉയരം ഉണ്ടാവാം. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് ചുഴലികാറ്റിനുണ്ടാകുന്ന പ്രധാന കാരണം. പൊടിക്കാറ്റിനോടും ചുഴലിക്കാറ്റിനോടും ഡസ്റ്റ് ഡെവിളിന് ഏറെ സാമ്യമുള്ളതാണിത്. ചെറുചുഴലികളായതിനാല് അപകട സാധ്യത കുറവാണെങ്കിലും ഇതിനിടയില്‍ പെടാതെയിരിക്കാന് ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളിലും ചൂട് കൂടാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇനിയും ഇത്തരം ചുഴലിക്കാറ്റ് സജീവമാകാണെന്നും ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.