രണ്ട് വർഷത്തിനിടെ സഹോദരങ്ങൾക്ക് വിജയകരമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം ലിസി ആശുപത്രി. കായംകുളം സ്വദേശികളായ സൂര്യനാരായണനും, ഹരിനാരായണനുമാണ് ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെച്ചത്. രണ്ട് പേർക്കും മാറ്റിവെക്കാനുള്ള ഹൃദയം എയർ ആമ്പുലൻസിലാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് എത്തിച്ചതും.
ലിസി ആശുപത്രിയിലെ ഇരുപത്തിയെട്ടാമത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആയിരുന്നു ഹരിനാരായണന്റെത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്ന അസുഖമായിരുന്നു ഇയാൾക്ക്. സമാനമായ അസുഖത്തെ തുടർന്ന് രണ്ടുവർഷം മുൻപ് ഹരിനാരായണന്റെ ജേഷ്ഠൻ സൂര്യനാരായണനും ഹൃദയം മാറ്റിവെച്ചിരുന്നു. അസുഖം മാത്രമല്ല ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്നത്തേതിന് സമാനമായിരുന്നു ഇത്തവണയും.
നവംബർ 25നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും ഹെലികോപ്റ്ററിൽ മാറ്റി വെക്കാനുള്ള ഹൃദയം കൊച്ചിയിൽ എത്തിക്കുന്നത്. മന്ത്രി പി.രാജീവിന്റെ ഇടപെടലിനെ തുടർന്ന് സർക്കാർ സൗജന്യമായി ഹെലികോപ്റ്റർ വിട്ടു നൽകുകയായിരുന്നു. ഒരു മണിക്കൂറിനകം ഹൃദയം കൊച്ചിയിലെത്തുകയും ഉടൻതന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. പൂർണ്ണ ആരോഗ്യവാനായതിനെ തുടർന്നാണ് ഹരിനാരായണ ഡിസ്ചാർജ് ചെയ്തത്.
Brothers had heart transplants. Lisie Hospital in rare achievement