ചെന്നൈയിലെ അഡയാറിലെ തെരുവോരങ്ങളില്‍ ഭിക്ഷയെടുത്ത് ജീവിച്ച് പോന്ന ഒരു മുത്തശി, വയസ്സ് 81. ഒരുനേരത്തെ അന്നത്തിനോ, നല്ല വസ്ത്രം വാങ്ങാനോ ആ മുത്തശിക്ക് വഴിയില്ല. എന്നാല്‍ ഇന്ന് അവര്‍ അറിയപ്പെടുന്ന ഇംഗ്ലീഷ് അധ്യാപികയാണ്. 'ഇംഗ്ലീഷ് വിത്ത് മെർലിൻ' എന്ന് പറഞ്ഞാല്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കാന്‍ തോന്നുന്ന ഒരു വികാരമാണ്. അത്രത്തോളമുണ്ട് ഈ മുത്തശിയുടെ ജീവിതകഥ. കുപ്പത്തൊട്ടിയിലെ മാണിക്യമെന്ന പ്രയോഗം പോലെ, തിളക്കമേറിയ അല്ലെങ്കില്‍ തിളക്കമേറ്റിയ ഒരു ജീവിതം. നോവിന്റേയും ഒറ്റപ്പെടലിന്റേയും വലിയ കാലം കടന്ന് ഈ മുത്തശി ഇന്ന് പുഞ്ചിരിക്കുന്നു.
ഒരൊറ്റ നിമിഷം മതി ജീവിതം മാറി മറിയാന്‍ എന്നാണ് പറയുന്നത് അത്തരത്തില്‍ ഒരൊറ്റ വ്ലോഗിലൂടെ ജീവിതം മാറി മറിഞ്ഞ കഥയാണ് മെർലിൻ മുത്തശ്ശിയുടേത്. ചെന്നൈയിലെ തെരുവുകള്‍ക്ക് സുപരിചത. ഭർത്താവിനൊപ്പം ജീവിക്കാനായി ഉറ്റവരെയും ഉടയവരെയും എന്തിന് സ്വന്തം രാജ്യം പോലും വിട്ട് ഇന്ത്യയിലെത്തിയ മ്യാന്മാർ സ്വദേശി. ഭർത്താവും ഭർതൃമാതാവും മരിച്ചതോടെ ഈ മുത്തശി ജീവിതത്തില്‍ തനിച്ചായി, കൂട്ടിന് ആരും ഇല്ലാ, വിശപ്പുമാറ്റൻ മാര്‍ഗമില്ലാതായതോടെ ഭിക്ഷയാചിക്കാന്‍ തുടങ്ങി, അങ്ങനെ ചെന്നൈയിലെ അഡയാറിലെ തെരുവോരങ്ങളില്‍ ഭിക്ഷാടനത്തിന് ഇറങ്ങി.
ജീവിതത്തിന്റെ അവസാനകാലത്തിലേക്ക് അവര്‍ കൈനീട്ടി നടന്നുകൊണ്ടിരിക്കുമ്പോഴാണ്, വഴിത്തിരിവിന്റെ വെളിച്ചമായി മുഹമ്മദ് ആഷിഖ് എന്ന 25കാരൻ ഇന്‍ഫ്ലുവന്‍സറുടെ മുന്നിലേക്ക് മുത്തശി എത്തുന്നത്. എന്തോ പ്രത്യേകത തോന്നിയ ആഷിഖ് മെർലിൻ മുത്തശിയോട് സംസാരിച്ച് തുടങ്ങി. ഒരിക്കല്‍ സ്കൂൾ ടീച്ചറായിരുന്നു മെർലിൻ, ആഷിഖിന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്കെല്ലാം അവര്‍ മണിമണി പോലെ ഉത്തരവും നൽകി. ഒടുവിൽ മുത്തശ്ശിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അത് സാധിച്ചുതരാമെന്ന് ആഷിഖ് പറഞ്ഞപ്പോൾ തനിക്കൊരു സാരിയും ബ്ലൌസും വാങ്ങിത്തരാമോ എന്ന് മുത്തശി ചോദിച്ചു.
ആ ചോദ്യത്തില്‍ ഉണ്ടായിരുന്നു അവരുടെ നിലവിലെ ജീവിതത്തിന്റെ നേര്‍ചിത്രം. ഉള്ളുലഞ്ഞത് െകാണ്ടാകണം. മുത്തശ്ശിക്ക് ഭിക്ഷയെടുക്കാതെ ജീവിക്കാന്‍ പറ്റുമോ എന്നായി ആഷിഖ്. ഒരു സ്ഥിര വരുമാനം നല്‍കി ഈ മുത്തശിയെ ചേര്‍ത്തുപിടിക്കാന്‍ എന്താണ് വഴിയെന്ന ആലോചന ഒരു ആശയത്തിലേക്ക് എത്തിച്ചു. തനിക്ക് വേണ്ടി ഇംഗ്ലീഷിലുള്ള ഇൻസ്റ്റഗ്രാം വീഡിയോകൾ ഉണ്ടാക്കാൻ സഹായിക്കാമോയെന്ന് ആഷിഖ് ചോദിച്ചു. അങ്ങനെയെങ്കിൽ എല്ലാ വീഡിയോക്കും ഒരു നിശ്ചിത തുക ശമ്പളമായി നൽകാമെന്നും ഉറപ്പുനൽകി.പിന്നാലെ ഇംഗീഷ് പഠിപ്പിക്കാന്‍ ഒരു പേജും. പിന്നെ സംഭവിച്ചത് ജീവിതത്തിന്റെ നിറം മാറ്റിയ സന്ദര്‍ഭങ്ങളായിരുന്നു. 'ഇംഗ്ലീഷ് വിത്ത് മെർലിൻ' എന്ന ഇൻസ്റ്റഗ്രാം പേജ് സോഷ്യല്‍ ലോകത്ത് വൈറലായി.
രണ്ടു ദിവസങ്ങൾക്കു മുൻപ് ഈ പേജില്‍ പങ്കുവച്ച മെർലിൻ മുത്തശ്ശിയുടെ ജീവിത കഥ പറയുന്ന വിഡിയോ ഇതിനോടകം 23 മില്യനിലധികം ആളുകളാണ് കണ്ടത്. 'ഇംഗ്ലീഷ് വിത്ത് മെർലിൻ' എന്ന പേജിനാകട്ടെ 5 ലക്ഷത്തോളം ഫോളോവേഴ്സും. ഇനിയാണ് ഈ കഥയിലെ ശരിക്കുമുള്ള ട്വിസ്റ്റ്, മുഹമ്മദ് ആഷിക് ചെയ്ത റീല് കണ്ട് 2 ദിവസത്തിനുള്ളിൽ തന്നെ മെർലിൻ പണ്ട് പഠിപ്പിച്ച ഒരു വിദ്യാർത്ഥി അവരെ തേടി തെരുവിൽ എത്തുന്നു. പിന്നാലെ പഴയ വിദ്യാര്‍ഥികള്‍ എല്ലാം വീഡിയോ കോളിലൂടെ തങ്ങളുടെ അധ്യാപികയോട് സംസാരിക്കുന്നു, ഓർമ്മകൾ പങ്കുവയ്ക്കുന്നു, തെരുവിലെ വഴിയോരങ്ങളില്‍ ആരും അറിയാതെ തീര്‍ന്നു പോകേണ്ട ആ ജീവിതത്തിന് ആ കുട്ടികള്‍ എല്ലാം ചേര്‍ന്ന കൈ കോര്‍ത്തു., പിന്നാലെ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറിനെ വൃദ്ധസദനത്തിലേക്ക് മാറ്റി പാർപ്പിച്ചു. ഒരുപാട് നോവുകള്‍ക്ക് അവസാനം ഒരു പുഞ്ചിരിക്കുള്ള വക കാലം കരുതി വയ്ക്കും എന്ന് പറയുന്നത് പോലെയാണ് ഈ മുത്തശി കഥ. മുന്നോട്ട്.. മുന്നോട്ട്....മുന്നോട്ട്... എന്നതായിരുന്നു ഈ മുത്തശിയുടെ ജീവിതമന്ത്രം.