ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അച്ചു ഉമ്മന്‍റെ ഫാഷനും സ്റ്റൈലിഷ് ലുക്കുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. ചിലർ അതിനെ വിവാദമാക്കിയതോടെ, അച്ചു ഉമ്മന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് തന്റെ കരിയറെന്നും ജോലിയുടെ ഭാഗമായാണ് അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരം കിട്ടിയതെന്നും അച്ചു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അച്ചു ഉമ്മന്റെ ഇൻസ്റ്റഗ്രാം ഫോളേവേഴ്‌സിൽ 30,000 ത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതിപക്ഷനേതാവും രംഗത്തെത്തിയിരുന്നു.അച്ചു ഉമ്മൻ ആരെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടില്ലെന്നും കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന ഒരു പെൺകുട്ടിയെ സി.പി.എമ്മിന്‍റെ സൈബർ ഗുണ്ടകൾ അധിക്ഷേപിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.