Netflix

TAGS

റീഡ് ഹേസ്റ്റിങ്സും മാർക് റാൻഡോൾഫും ചേർന്ന് 1997 ൽ സ്ഥാപിച്ച നെറ്റ്ഫ്ലിക്സ്, ഡിവിഡി വാടകയ്ക്കു കൊടുക്കുന്ന ഒരു ചെറിയ സംരംഭമായാണ് തുടങ്ങിയത്. കിബിൾ എന്നായിരുന്നു നെറ്റ്ഫ്ലിക്സിന്‍റെ ആദ്യകാല പേര്. 

വാടകയ്ക്കു വീടുകൾ തോറും ഡിവിഡി തപാലിൽ എത്തിക്കുന്ന ഒരു ചെറുസ്ഥാപനത്തിൽനിന്ന് കേബിൾ ടിവിയെ മറികടക്കുന്ന സിനിമ സ്ട്രീമിങ് സംവിധാനമായി നെറ്റ്ഫ്ലിക്സ് മാറാനുള്ള കാരണം അതിന്‍റെ നൂതന ആശയം തന്നെയാണ്. വിനോദ–വ്യവസായ രംഗത്ത് മുന്‍പന്തിയില്‍ എത്തിയിട്ടും ആദ്യ കാല സർവീസ് ആയ ഡിവിഡി–ബൈ–മെയ്ൽ നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചിരുന്നില്ല. 

നീണ്ട 25 വർഷം നീണ്ടുനിന്ന ഡിവിഡി റെന്റല്‍ ബിസിനസ്സ് ഔദ്യോഗികമായി അവസാനിപ്പിക്കുന്നു എന്നാണ് ഏറ്റവും പുതിയതായി നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 

'അവിശ്വസനീയമായ 25 വർഷത്തെ ഓട്ടത്തിന് ശേഷം, ഈ വർഷാവസാനം http://DVD.com അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. എപ്പോഴെങ്കിലും തങ്ങളുടെ ഡിവിഡി ക്യൂവിൽ  ചേർത്തിട്ടുള്ളവരോ ഒരു ചുവന്ന കവർ വരുന്നതിനായി മെയിൽബോക്‌സിന് സമീപം കാത്തിരിക്കുന്നവരോ ആയ എല്ലാവർക്കും: നന്ദി! എന്നാണ് അടിക്കുറിപ്പായി പോസ്റ്റിന് താഴെ കുറിച്ചത്. 

‘ഡിവിഡി വാടകയ്‌ക്കെടുക്കുന്നതിനുള്ള വിപണി നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്, ഇത് കമ്പനിയുടെ വരിക്കാർക്ക് സേവനം നൽകുന്നത് തുടരുന്നത് ബുദ്ധിമുട്ടാക്കി’ എന്നാണ് കമ്പനിയുടെ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ച് നെറ്റ്ഫ്ലിക്‌സിന്റെ സഹ-സിഇഒ ടെഡ് സരൻഡോസ് പറഞ്ഞത്.

Netflix is shutting down its DVD rental Business