തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയിയെ നേരിടാൻ താനും തയാറാണെന്ന് പ്രഖ്യാപിച്ച് പവർസ്റ്റാർ ശ്രീനിവാസൻ. 'അണ്ണാ വികസന കഴകം' എന്നാണ് താരത്തിന്‍റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്. രാഷ്ട്രീയത്തിൽ തന്റെ പ്രധാന എതിരാളി വിജയ് ആണെന്നും വരാനിരിക്കുന്ന പോരാട്ടം ടി.വി.കെ.യും എ.വി.കെ.യും തമ്മിലായിരിക്കുമെന്നുമാണ് പവർസ്റ്റാറിന്റെ അവകാശവാദം.

പാർട്ടി പ്രഖ്യാപനം നടത്തിയെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡി.എം.കെയ്ക്കാണ് തന്റെ പിന്തുണയെന്ന് ശ്രീനിവാസൻ വ്യക്തമാക്കി. എം.കെ. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. നിലവിൽ ഡി.എം.കെ. പാളയത്തിലുള്ള ശ്രീനിവാസൻ, ഈ തിരഞ്ഞെടുപ്പിലല്ലെങ്കിൽ അടുത്ത തവണയെങ്കിലും തന്റെ പാർട്ടി മത്സരിക്കുമെന്നും അറിയിച്ചു.

നേരത്തെ ബിജെപി, ടിഎംസി, റിപ്പബ്ലിക്കൻ പാർട്ടി തുടങ്ങിയ വിവിധ പാർട്ടികളിൽ ഭാഗ്യം പരീക്ഷിച്ച ശേഷമാണ് ശ്രീനിവാസൻ ഇപ്പോൾ സ്വന്തം പാർട്ടി പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നേരത്തെ ജയിൽവാസം അനുഭവിച്ചിട്ടുള്ള താരം, തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ തമിഴ് നാട്ടിൽ പുതിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് ഉടൻ ഉണ്ടാകുമെന്നും താരം അറിയിച്ചു.

ENGLISH SUMMARY:

Tamil comedian Powerstar Srinivasan has announced his new political party, 'Anna Vikasana Kazhagam' (AVK), directly challenging actor Vijay's TVK. Srinivasan stated that his main rival is Vijay while expressing his continued support for DMK and CM MK Stalin.