narendra-modi

പിഎം കെയര്‍, പ്രധാനമന്ത്രി ദേശിയ ദുരിധാശ്വാസ ഫണ്ട് (പിഎംഎന്‍ഡിആര്‍എഫ്), ദേശിയ പ്രതിരോധ ഫണ്ട് (എന്‍ഡിഎഫ്) എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ലോക്സഭാ സെക്രട്ടേറിയേറ്റിനാണ് പിഎംഒ ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയത്. ഇവയിലെ പണം സര്‍ക്കാറുമായി ബന്ധപ്പെട്ടതല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. 

ലോക്‌സഭയിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട റൂള്‍ 41(2) (viii), 41(2)(xvii) എന്നിവയ്ക്ക് കീഴില്‍ ഈ മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നടപടികളും ബാധകമാകില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയേറ്റിനെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാറിന്‍റെ പരിഗണനയില്‍ ഇല്ലാത്തതോ സര്‍ക്കാറിന് പ്രാഥമികമായി ഉത്തരവാദിത്തമില്ലാത്ത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്നാണ് ഈ റൂളുകള്‍ പറയുന്നത്.  ഈ മൂന്നു ഫണ്ടുകളെ കുറിച്ചുള്ള ചോദ്യങ്ങളോ സീറോ അവര്‍ നോട്ടീസുകളോ വന്നാല്‍ അവ അനുവദിക്കണമോ എന്ന് തീരുമാനിക്കാന്‍ മുകളില്‍ പറഞ്ഞ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം എന്നും നിര്‍ദ്ദേശത്തിലുണ്ട്. 

ഈ ഫണ്ടുകളിലെ പണം പൊതുജനങ്ങളില്‍ നിന്നും സ്വമേധയ സംഭാവനയായി സ്വീകരിക്കുന്നതാണെന്നും രാജ്യത്തിന്‍റെ കൺസോളിഡേറ്റഡ് ഫണ്ടില്‍ നിന്നുള്ളതല്ലെന്നുമാണ് പിഎംഒ നല്‍കുന്ന വിശദീകരണം. ജനുവരി 30 തിന് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയേറ്റിന് നിര്‍ദ്ദേശം നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ക്കായി പണം സ്വരൂപിക്കുന്നതിനായുള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് പിഎം കെയേഴ്സ്. പ്രകൃതി ദുരന്തം, അപകടം, കലാപം എന്നിവ ബാധിച്ചവര്‍ക്കാണ് പിഎംഎന്‍ആര്‍എഫ് വഴി സഹായം ലഭിക്കുന്നത്. സായുധ, അർധസൈനിക സേനകളിലെ അംഗങ്ങളുടെ ക്ഷേമത്തിനും കുടുംബങ്ങളെ സഹായിക്കുന്നതിനായാണ് എന്‍ഡിഎഫ് ആരംഭിച്ചത്. 

കോവിഡിന് പിന്നാലെ 2020 മാര്‍ച്ച് 27 നാണ് പിഎം കെയേഴ്സ് ഫണ്ട് ആരംഭിക്കുന്നത്.  പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റായാണ് ഇത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022-23 വര്‍ഷത്തെ വരവ്– ചെലവ് കണക്കു മാത്രമാണ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2023 മാര്‍ച്ചില്‍ 6283.7 കോടി രൂപയാണ് പിഎം കെയറിലുള്ളത്. 

ENGLISH SUMMARY:

PM CARES Fund, PMNRF, and NDRF funds cannot be questioned in Parliament as per a directive from the Prime Minister's Office to the Lok Sabha Secretariat. The PMO states that these funds are not government-related, as they are sourced from voluntary contributions and not the consolidated fund of India.