എൻസിപിയിൽ ലയന സൂചന നൽകി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും, ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെയും ഒരേ വേദിയിൽ. പിളർപ്പിനുശേഷം ആദ്യമായാണ് ഇരുവരും രാഷ്ട്രീയവേദിയിൽ ഒന്നിച്ചെത്തുന്നത്. പൂണെ മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരു നേതാക്കളും ചേർന്ന് സംയുക്ത പ്രകടനപത്രിക പുറത്തിറക്കി.
2023ൽ പാർട്ടി പിളർത്തി എന്‍.ഡി.എയില്‍ പോയതിന് ശേഷം സഹോദരന്‍റെ മകനായ അജിത് പവാറിനോട് രാഷ്ട്രീയമായി അകലം പാലിക്കുന്ന നിലപാടായിരുന്നു ശരദ് പവാറും മകളും എം.പിയുമായ സൂപ്രിയ സുലെയും സ്വീകരിച്ചിരുന്നത്. എന്നാൽ, അടുത്തിടെ സൂപ്രിയ സുലെ നടത്തിയ പ്രതികരണങ്ങളും ഇപ്പോഴത്തെ ഒരുമിച്ചുള്ള വേദിപങ്കിടലും ഐക്യസാധ്യതയെക്കുറിച്ചുള്ള ശക്തമായ സൂചനയാണ്.
പവാർ കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളായ പൂണെയും പിംപ്രി-ചിഞ്ച്വാഡും ഉൾപ്പെടെയുള്ള മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ എൻസിപികൾ ഒന്നിച്ചാണ് മത്സരിക്കുന്നത്. അതേസമയം, അജിത് പവാറുമായി ശരദ് പവാർ കൈ കോർക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കില്ലെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് ഗുണമാകും. ഇന്ത്യാ മുന്നണിയെ ഇത് കൂടുതൽ പ്രതിസന്ധിയിലാക്കും.
സംയുക്ത പ്രകടനപത്രികയിൽ കുടിവെള്ള വിതരണം, ഗതാഗതക്കുരുക്ക് പരിഹരിക്കൽ, ഹൈടെക് ആരോഗ്യ സേവനങ്ങൾ, മലിനീകരണ നിയന്ത്രണം, കുടിയേറ്റ പുനരധിവാസം തുടങ്ങിയ കാര്യങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.