congress-delhi

യു.എസ് ഇന്‍റലിജന്‍സ് ഏജന്‍സിയായ സിഐഎയും ഇസ്രയേല്‍ ഏജന്‍സിയായ മൊസാദും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് കോണ്‍ഗ്രസിനെ 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതെന്ന് മുന്‍ കോണ്‍ഗ്രസ് എംപി കുമാര്‍ കേത്‍കാര്‍. ഭരണഘടനാ ദിനത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങിലാണ് കേത്കറിന്‍റെ ആരോപണങ്ങള്‍. 

2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 145 സീറ്റുകള്‍ നേടി. 2009 ല്‍ 206 സീറ്റിലേക്ക് ഉയര്‍ന്നു. ഈ ട്രെന്‍ഡ് അനുസരിച്ച് കോണ്‍ഗ്രസ് 250 സീറ്റെങ്കിലും നേടേണ്ടിയിരുന്നുവെന്നും ഭരണം നിലനിര്‍ത്തേണ്ടതുമായിരുന്നു എന്നാണ് കുമാര്‍ കേത്കറിന്‍റെ വാദം. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റില്‍ ചുരുങ്ങുകയായിരുന്നു. 

''അങ്ങനെയാണ് കളി ആരംഭിച്ചത്. കോണ്‍ഗ്രസിന്‍റെ സീറ്റു നില 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 206 ല്‍ നിന്ന് കൂടരുതെന്ന് തീരുമാനമുണ്ടായി. കോണ്‍ഗ്രസിനെ 206 സീറ്റില്‍ നിന്നും താഴെ ഇറക്കാതെ ഇന്ത്യയില്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് ചില സംഘടനകള്‍ക്ക് അറിയാമായിരുന്നു. അതിലൊന്നാണ് സിഐഎ, മറ്റൊന്ന് മൊസാദും'' കേത്കാര്‍ പറഞ്ഞു. 

കോണ്‍ഗ്രസ് സര്‍ക്കാരോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരോ ഭരിച്ചാല്‍ ഇന്ത്യയില്‍ അവരുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തതിനാലാണ് ഇരു സംഘടനകളും ഇക്കാര്യം ചെയ്തത്. തങ്ങള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്നും കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ് വേണ്ടതെന്നും ഇരു ഏജന്‍സികളും നിലപാടെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 

മൊസാദിന്‍റെയും സിഐഎയുടെയും കൈവശം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും മണ്ഡലങ്ങളുടെയും വിശദമായ വിവരങ്ങളുണ്ടെന്നും കേത്കര്‍ അവകാശപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങിനെതിരെ അതൃപ്തിയുണ്ടായിരുന്നെങ്കിലും 206 ല്‍ നിന്ന് 44 ലേക്ക് കുറയാന്‍ മാത്രം കാരണങ്ങളുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

ENGLISH SUMMARY:

Kumar Ketkar alleges a CIA and Mossad conspiracy to defeat Congress in the 2014 Lok Sabha elections. The former MP claims these agencies aimed to weaken Congress's influence in India for their own strategic advantage.