തമിഴക രാഷ്ട്രീയത്തിൽ വിജയ് കൊടുങ്കാറ്റാവുന്ന കാലമാണ്. തിരുവായ്ക്ക് എതിര്‍വായില്ലാതെയുള്ള സ്റ്റാലിന്‍റെ തേരോട്ടത്തിന് പ്രഹരമേല്‍പ്പിച്ചുകൊണ്ടായിരുന്നു ദളപതിയുടെ വരവ്. തമിഴ്നനാട്ടിലെ പ്രതിപക്ഷത്തിന്‍റെ ശബ്ദമാകാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തമിഴക വെട്രി കഴകത്തിനായി. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുന്നേറുന്ന വിജയ്ക്ക് ചെക്ക് വെക്കാന്‍ സാക്ഷാല്‍ കമല്‍ഹാസനാണോ ഡിഎംകെയുടെ തുറുപ്പുചീട്ട്?
തമിഴ്നാട് പഴയ തമിഴ്നാടല്ല, വിജയുടെ വരവോടെ പ്രതിപക്ഷം ശക്തിപ്രാപിച്ചു. ഡിഎംകെ ഭരണത്തിനെതിരെ ശക്തമായ വിമർശനങ്ങള്‍ ഉയർത്തിക്കാട്ടിയാണ് ദളപതി മുന്നേറുന്നത്. തമിഴകത്ത് പ്രതിപക്ഷം ദുർബലമാണെന്ന അവകാശവാദം അപ്രസക്തമാക്കിക്കൊണ്ടുള്ള മുന്നേറ്റം. ഒരു ഭാഗത്ത് വിജയ് ശക്തിയാര്‍ജിക്കുമ്പോള്‍ തന്നെ അതിനെതിരായ സമവാക്യങ്ങളും മുന്നണികളും രൂപം കൊള്ളുന്നുണ്ട്. വിജയിക്ക് ഒത്ത എതിരാളിയായി ഉദയനിധിയെ രംഗത്തിറക്കാന്‍ ഡിഎംകെയും സ്റ്റാലിനും ശ്രമിച്ചിരുന്നു. പക്ഷേ ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ വാഴിച്ചിട്ടും കാര്യങ്ങള്‍ ഡിഎംകെയ്ക്ക് അനുകൂലമായില്ല.
ആദ്യമൊക്കെ വിജയിയെ വിലകുറച്ച് കണ്ട ഡിഎംകെ നിലാപാട് മാറ്റി. സ്റ്റിലിന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങി ദളപതിയെ പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി. ഇപ്പോഴിതാ ഡിഎംകെ മക്കൾ നീതി മയ്യമവുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയ്യാറാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാലിന്‍ കമല്‍ഹാസനുമായി കൈകോര്‍ക്കുന്നു എന്ന് സാരം, അതും വിജയിയെ നേരിടാന്‍. ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാൻ ഡിഎംകെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിനൊപ്പം പ്രചാരണരംഗത്തും കമല്‍ഹാസന്‍ സജീവമായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍, തമിഴ് സിനിമ ലോകത്തെ ഇതിഹാസങ്ങള്‍ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാകും 2026 സാക്ഷ്യംവഹിക്കുക. ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ നിലപാട് സ്റ്റാലിനും വിജയിക്കും കമല്‍ഹാസനും ഒന്നുതന്നെ. കോണ്‍ഗ്രസാകട്ടെ തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണിയുടെ ഭാഗമാണ്. പക്ഷേ വിജയിയോട് കോണ്‍ഗ്രസിനോ, കോണ്‍ഗ്രസിനോട് വിജയിക്കോ അകലമില്ല. രാഹുല്‍ ഗാന്ധിയുമായി വിജയിക്ക് അടുപ്പമുണ്ടുതാനും. ദേശീയതലത്തില്‍ വിജയ് കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായാലും അത്ഭുതപ്പെടാനില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്റ്റാലിന്‍റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മക്കൾ നീതി മയ്യം എന്ന് കമലിന്‍റെ രാഷ്ട്രീയ പരീക്ഷണം ഇതുവരെ തമിഴ്നാട്ടില്‍ വേണ്ടവിധം വിജയിച്ചിട്ടില്ല. പാര്‍ട്ടി രൂപീകരിച്ച് ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമല്‍ഹാസന്‍ പുതിയ പരീക്ഷണത്തിന് തയ്യാറാവുന്നത്. സിനിമാലോകത്ത് വ്യത്യസ്ഥരാണെങ്കിലും രാഷ്ട്രീയത്തില്‍ ഇടതുപക്ഷ നിലപാടുകാരാണ് കമല്‍ഹാസനും വിജയിയും. ദളപതി Vs കമല്‍ഹാസന്‍ പോരാട്ടത്തിൽ ജനം ആരുടെ കൂടെ നിൽക്കും എന്ന് കണ്ടറിയാം...