ഡല്‍ഹിയില്‍ 27 വര്‍ഷത്തിനുശേഷമാണ് ബി.ജെ.പി വിജയമധുരം നുകരുന്നത്. രാജ്യഭരണംനേടി ഒരു പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു ഈ ചരിത്ര നേട്ടത്തിന്. 1998 ല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെയും ഒരുപതിറ്റാണ്ട് ഭരണചക്രം തിരിച്ച ആം ആദ്മി പാര്‍ട്ടിയെയും തൂത്തെറിഞ്ഞാണ് ഈ മടങ്ങിവരവ് എന്നതും ശ്രദ്ധേയം. ചരിത്ര വിജയം പ്രവര്‍ത്തകരും ആഘോഷമാക്കി.
1993 ല്‍ ഡല്‍ഹി നിയമസഭ പുനഃസ്ഥാപിക്കപ്പെട്ട ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 49 സീറ്റുമായി അധികാരത്തിലേറുമ്പോള്‍ ആം ആദ്മി പാര്‍ട്ടി അരവിന്ദ് കേജ്‍രിവാളിന്‍റെ സ്വപ്നങ്ങളില്‍ പോലും ഇല്ലായിരുന്നു. പ്രധാന എതിരാളി കോണ്‍ഗ്രസ് തന്നെ. ഒന്നരപ്പതിറ്റാണ്ട് ഷീലാദീക്ഷിതിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും 10 വര്‍ഷം അരവിന്ദ് കേജ്‍രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയെ ഭരണത്തിന് പുറത്തിരുത്തി. ഇന്ന് കോണ്‍ഗ്രസ് ചിത്രത്തിലില്ല. എ.എ.പി പ്രതിപക്ഷത്തായി. കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവര്‍ത്തനവുമാണ് ബി.ജെ.പിയുടെ തിരിച്ചുവരവിന് അടിസ്ഥാനം. ആം ആദ്മി പാര്‍ട്ടിയുടെ മര്‍മമറിഞ്ഞ് കളിച്ചു. അഴിമതി വിരുദ്ധ പ്രതിഛായ ഇല്ലാതാക്കുകയായിരുന്നു തുടക്കം. പിന്നെ ആപ്പിന്‍റെ വോട്ട് ബാങ്കായ മധ്യവര്‍ഗത്തെയും ചേരി നിവാസികളെയും കയ്യിലെടുത്തു. നീക്കങ്ങളെല്ലാം ഫലംകണ്ടതോടെ ഡല്‍ഹി താമരക്കുമ്പിളില്‍.
ആധികാരികമാണ് ബി.ജെ.പിയുടെ ജയം. 10 വര്‍ഷം ഡല്‍ഹി അടക്കിഭരിച്ച, ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനും നട്ടെല്ലുമായി അരവിന്ദ് കേജ്‌രിവാളിനെ തന്നെ കളത്തിന് പുറത്താക്കി. കഴിഞ്ഞ തവണ ഇരുപതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ കേജ്‌രിവാളിനെ മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മ പരാജയപ്പെടുത്തിയത് നാലായിരത്തിലേറെ വോട്ടിന്. ഇനി രാജ്യവും രാജ്യതലസ്ഥാനവും ബി.ജെ.പി ഭരിക്കും.