നരേന്ദ്ര മോദി
ബജറ്റിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് വ്യാജവാഗ്ദാനങ്ങള്‍ നല്‍കി, ഞങ്ങള്‍ വികസനം പ്രാവര്‍ത്തികമാക്കി. രാജ്യത്ത് 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ഒരു രൂപ അനുവദിച്ചാല്‍ പതിനഞ്ച് പൈസ മാത്രം ജനങ്ങള്‍ക്ക് കിട്ടിയിരുന്ന കാലത്ത് നാട് ഭരിച്ചത് കോണ്‍ഗ്രസാണെന്നും മോദി പറഞ്ഞു. പാര്‍ലമെന്റില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയ്ക്കെതിരെ പോരാടുമെന്ന് ചിലര്‍ പറയുന്നുവെന്ന് രാഹുലിനെ ഉന്നമിട്ട് മോദി പറഞ്ഞു. ആ ഭാഷയില്‍ സംസാരിക്കുന്നവര്‍ക്ക് ഭരണഘടന മനസ്സിലാകില്ല. ഭരണഘടന പോക്കറ്റിലിട്ട് നടക്കുന്നവര്‍ മുസ്‌ലിം സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കി. അധികാരം സേവനത്തിന്, അത് കുടുംബവാഴ്ചയ്ക്ക് ആകരുതെന്നും ഞങ്ങളുടേത് വിഷലിപ്തരാഷ്ട്രീയമല്ല, ചിലര്‍ക്ക് അര്‍ബന്‍ നക്സല്‍ ഭാഷയെന്നും മോദി ആരോപിച്ചു.
‘പത്തുവർഷം മുമ്പു പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരുന്നതു ദാരിദ്ര്യം ഇല്ലാതാക്കൂ എന്ന മുദ്രാവാക്യമായിരുന്നു. എന്നാൽ ദാരിദ്ര്യം ഇല്ലാതാക്കാനായില്ല. ഞങ്ങൾ മുദ്രാവാക്യങ്ങളൊന്നും പറഞ്ഞില്ല. ഞങ്ങൾ ശരിയായ വികസനം നൽകി. രാജ്യത്തെ പാവപ്പെട്ടവർക്കു നാലു കോടി വീടുകൾ ഇതുവരെ നൽകാനായി. പ്ലാസ്റ്റിക് കൂരയ്ക്കു കീഴിൽ മഴക്കാലം കഴിച്ചുകൂട്ടേണ്ടി വരുന്നവരുടെ അവസ്ഥ എല്ലാവർക്കും മനസ്സിലാകില്ല. അത് അനുഭവിച്ചവർക്കേ കെട്ടുറപ്പുള്ള വീടിന്റെ മൂല്യം മനസ്സിലാകൂ. 12 കോടിയിലേറെ ശുചിമുറികൾ രാജ്യത്തു പണിതു. ചില നേതാക്കൾ ആഡംബര ഷവറുകളില്‍ ശ്രദ്ധിച്ചപ്പോൾ ഞങ്ങളുടെ ശ്രദ്ധ ഓരോ വീട്ടിലും വെള്ളമെത്തിക്കുന്നതിനെ കുറിച്ചാണ്.
പാവപ്പെട്ടവരുടെ കുടിലുകളിൽ ഫോട്ടോസെഷൻ നടത്തി നേരം പോക്കുന്നവർക്കു പാർലമെന്റിൽ പാവപ്പെട്ടവരെക്കുറിച്ചു പറയുന്നത് ‘ബോറിങ്’ ആയി തോന്നും. അവരുടെ ദേഷ്യം എനിക്കു മനസിലാകും. നമ്മുടെ ഒരു മുൻ പ്രധാനമന്ത്രി പറഞ്ഞതു രാജ്യത്തെ പ്രധാന പ്രശ്നം ഒരു രൂപ ഡൽഹിയിൽനിന്നു കൊടുക്കുമ്പോൾ അതിൽ 15 പൈസ മാത്രമേ താഴേത്തട്ടിൽ എത്തുന്നുള്ളു എന്നാണ്. ആർക്കാണ് 15 പൈസ കിട്ടുന്നതെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ടാകും. അന്നു പഞ്ചായത്തു മുതൽ പാർലമെന്റ് വരെ ഒരേയൊരു പാർട്ടിയാണ് അധികാരത്തിലുണ്ടായിരുന്നത്. അതിന് ഒരു പരിഹാരമുണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചു.
സമ്പാദ്യത്തിനൊപ്പം വികസനവും എന്നതാണ് ഞങ്ങളുടെ രീതി. മുൻകാലങ്ങളിൽ പത്രങ്ങളുടെ തലക്കെട്ടുകളിൽ ഭൂരിഭാഗവും അഴിമതിയെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും ആയിരുന്നു. ഇത്തരത്തിൽ പോകേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയാണ് നമ്മൾ തിരിച്ചുപിടിച്ചതും അത് ജനക്ഷേമത്തിനായി ഉപയോഗിച്ചതും. പണം ‘ചില്ലുകൊട്ടാരം’ പണിയുന്നതിന് ഉപയോഗിക്കാതെ രാജ്യനിർമാണത്തിനു വേണ്ടിയാണ് നാം ഉപയോഗിച്ചതെന്നും നരേന്ദ്ര മോദി പറഞ്ഞു.