Vikramaditya-Singh-demand

ഭക്ഷണശാലകളിൽ ഉടമകൾ വ്യക്തിവിവരങ്ങൾ  പ്രദർശിപ്പിക്കണമെന്ന ഹിമാചൽ മന്ത്രി വിക്രമാദിത്യ സിംഗിന്‍റെ പ്രസ്താവനയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്  അത്യപ്തി. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ചു. വിവാദമായതോടെ മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുവും സർക്കാരും പ്രസ്താവനയിൽ നിന്ന് അകലം പാലിക്കുകയാണ്.

എന്നാൽ മന്ത്രി വിക്രമാദിത്യ സിംഗ് പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണ്. ഭക്ഷണശാലകളിൽ ഉടമകൾ വ്യക്തിവിവരങ്ങൾ  പ്രദർശിപ്പിക്കണമെന്ന തീരുമാനം ഹൈക്കോടതി നിർദ്ദേശപ്രകാരമാണെന്നും ഇതിനായി സമിതി രൂപീകരിച്ചിട്ടുണ്ട് എന്നുമാണ് വിക്രമാദിത്യ സിംഗ് ആവർത്തിക്കുന്നത്. കൻവർ യാത്രക്കിടയിൽ യുപിയിലെ യോഗി സർക്കാർ  ചെയ്തതുമായി താരതമ്യം ചെയ്യേണ്ടെന്നും പാർട്ടി തനിക്കൊപ്പം ഉണ്ടെന്നും വിക്രമാദിത്യ സിംഗ് പറയുമ്പോൾ കോൺഗ്രസും ഹിമാചൽ സർക്കാരും  വിപരീത ദിശയിലാണ്.

ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ്  മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു വിശദീകരിക്കുന്നത്. ഹൈക്കമാൻഡ്  അത്യപ്തി അറിയിച്ചതോടെയാണ് ഈ സമീപനം എന്നാണ് വിവരം. ഡൽഹിയിലുള്ള വിക്രമാദിത്യ സിങ്ങുമായി നേതാക്കൾ ചർച്ച നടത്തിയിട്ടുണ്ട്.  

എല്ലാത്തിനെയും വർഗീയവൽക്കരിക്കുകയും രാഷ്ട്രീയ വൽക്കരിക്കുകയും ചെയ്യുന്ന യോഗി ആദിത്യനാഥിന്റെ തീരുമാനത്തിന് സമാനമാണ് ഇതെന്നാണ് വിലയിരുത്തൽ. ഹരിയാന പ്രചാരണത്തിനിടെ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം നേതാവും രാജ്യസഭാ എംപിയുമായ ഇമ്രാൻ പ്രതാപ്ഗഡി രാഹുൽ ഗാന്ധിയെ പ്രതിഷേധം അറിയിച്ചതായാണ് സൂചന. മുതിർന്ന നേതാക്കളായ പി.ചിദംബരം, ശശി തരൂർ, ടി.എസ്.സിങ് ദേവ് എന്നിവർ പരസ്യമായിത്തന്നെ തീരുമാനത്തെ എതിർത്തിട്ടുണ്ട്.  അയോധ്യ ക്ഷേത്ര പ്രതിഷ്ഠ സമയത്തും പാർട്ടിക്ക് വിരുദ്ധമായ നിലപാടാണ് വിക്രമാദിത്യ സിംഗ് സ്വീകരിച്ചത്.

ENGLISH SUMMARY:

The Congress high command is not satisfied with Vikramaditya Singh's statement