indreshkumar-02

അഹങ്കാരമാണ് ബിജെപിയെ 240 സീറ്റിലൊതുക്കിയതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ശ്രീരാമനെക്കാള്‍ വലുതെന്ന് കരുതിയവരെ അദ്ദേഹം കുറഞ്ഞ സീറ്റിലൊതുക്കി. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രകടമായിരുന്ന ബിജെപി–ആര്‍എസ്എസ് വിള്ളല്‍ കൂടുതല്‍ വലുതാവുകയാണ്. 

ജയ്പൂരിലെ ഒരു പരിപാടിയിലാണ് ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ് കുമാറിന്‍റെ കടുത്ത വിമര്‍ശനം. ശ്രീരാമൻ ആരോടും പക്ഷപാതിത്വം കാട്ടാറില്ല, പക്ഷേ രാമഭക്തർ അഹങ്കരിക്കുന്നത് ശരിയല്ല. ബിജെപിയുടെ അഹങ്കാരം കൊണ്ടാണ് 240 സീറ്റിലൊതുങ്ങിയത്. രാമനിൽ വിശ്വാസമില്ലാത്തവർ 234 സീറ്റിലൊതുങ്ങിയെന്ന് ഇന്ത്യ സഖ്യത്തെ പരാമർശിച്ചും ഇന്ദ്രേഷ് കുമാറിന്‍റെ വിമര്‍ശനം. ദൈവത്തിന്‍റെ നീതി ശരിയായത് ആസ്വാദ്യകരമാണെന്നും ആര്‍എസ്എസ് നേതാവ് തുറന്നടിച്ചു.

ദൈവത്തിന്‍റെ നീതി ശരിയായത് ആസ്വാദ്യകരമാണെന്നും ആര്‍എസ്എസ് നേതാവ്

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയെ ലക്ഷ്യമിട്ട് ആര്‍എസ്എസ് സർ സംഘ ചാലക് മോഹന്‍ ഭാഗവത് നടത്തിയ വിമര്‍ശനങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. ആര്‍എസ്എസ്-ബിജെപി ബന്ധത്തിലെ വിള്ളല്‍ കൂടുതല്‍ പ്രകടമാകുന്നതായി കോണ്‍ഗ്രസ് പ്രതികരിച്ചു. അധികാരത്തിലിരിക്കുന്ന അഹങ്കാരികളെ പുറത്താക്കാന്‍ ആര്‍എസ്എസിന് കഴിയട്ടെയെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും പറഞ്ഞു. അതിനിടെ ഗോരഖ്പൂരില്‍ തുടരുന്ന ആര്‍എസ്എസ് സർ സംഘ ചാലക് മോഹന്‍ ഭാഗവത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ENGLISH SUMMARY:

Those who became arrogant stopped at 241 by Lord Ram: RSS leader's dig at BJP