പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 ന്. ഒരാഴ്ച നീളുന്ന സമ്മേളനത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും. അതിനിടെ ഇന്നും പുതിയ മന്ത്രിസഭാംഗങ്ങള്‍ കാര്യാലയങ്ങളിലെത്തി ചുമതലയേറ്റു.
ഭരണപ്രതിപക്ഷങ്ങള്‍ ഒരുപോലെ കരുത്തരായ സഭയാണ് 24 ന് സമ്മേളിക്കുന്നത്. ആദ്യ മൂന്നു ദിവസങ്ങളില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും. 27 മുതല്‍ രാജ്യസഭയും സമ്മേളിക്കും. അന്ന് പാര്‍ലെമന്‍റിന്‍റെ സംയുക്തസമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. തുടര്‍ന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും.
ജൂലൈ മൂന്നിന് പിരിയുന്ന സഭയുടെ വര്‍ഷകാല സമ്മേളനം അടുത്തമാസം പകുതിയോടെ തുടങ്ങിയേക്കും. മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. അതിനിടെ, ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് നോര്‍ത്ത് ബ്ളോക്കിലെ കാര്യാലയത്തിലെത്തി ചുമതലയേറ്റു. 10 വർഷം കൊണ്ട് കരുത്തുറ്റ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനായെന്നും ജനജീവിതം സുഗമമാക്കാനുള്ള നടപടികൾ തുടരുമെന്നും ചുമതലയേറ്റ ശേഷം ധനമന്ത്രി പറഞ്ഞു. ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി നിതിൻ ഗഡ്കരിയും വിവിധ സഹമന്ത്രിമാരും ചുമതലയേറ്റു.