ഹോർമൂസ് കടലിടുക്ക് പിന്നിട്ട എൽപിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക്. ടാങ്കറുകള്‍ക്ക് അകമ്പടി നല്‍കി ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് പടക്കപ്പലുകള്‍. യുഎഇയിലേക്കുള്ള ഇന്നത്തെ ഭൂരിഭാഗം വിമാന സര്‍വീസുകളും ഇന്ത്യന്‍ വിമാന കമ്പനികള്‍ റദ്ദാക്കി.
ഇറാന്‍റെ അനുമതിയോടെ ഹോര്‍മൂസ് പിന്നിട്ട എൽപിജി ടാങ്കര്‍ ശിവാലിക് നാളെ ഗുജറാത്തിലെ മുദ്ര തുറമുഖത്തും നന്ദാ ദേവിയെന്ന മറ്റൊരു LPG ടാങ്കര്‍ കണ്ട്‍ല തുറമുഖത്തും എത്തിച്ചേരും. ഹോര്‍മൂസ് പിന്നിട്ടതോടെ ഇന്ത്യന്‍ നാവികസേനയാണ് കപ്പലുകള്‍ക്ക് അകമ്പടി നല്‍കുന്നത്. ഹൂതി വിമതരെയും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെയും നേരിടാന്‍ നിലവില്‍ മേഖലയിലുള്ള ഇന്ത്യന്‍ പടക്കപ്പലുകളാണ് ടാങ്കറുകള്‍ക്ക് സുരക്ഷയൊരുക്കുന്നത്. ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എത്ര കപ്പലുകളാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി മുഹമ്മദ് ഫത്താലി പറഞ്ഞു. ഹോര്‍മൂസിന്‍റെ പടിഞ്ഞാറ് ഭാഗത്ത് 22 ഇന്ത്യന്‍ കപ്പലുകള്‍ക്കൂടി ഇനിയും കുടുങ്ങിക്കിടപ്പുണ്ട്. യുഎഇയുടെ നിർദേശത്തെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള വിമാനക്കമ്പനികൾ ഇന്നത്തെ ഭൂരിഭാഗം സർവീസുകളും റദ്ദാക്കി. സുരക്ഷാ പ്രശ്നങ്ങളാണോ മറ്റ് വിഷയങ്ങളാണോ കാരണമെന്ന് വ്യക്തമല്ല. പൈപ്പിലൂടെയുള്ള പ്രകൃതി വാതക കണക്ഷനുള്ളവര്‍ക്ക് ഗാര്‍ഹിക എല്‍പിജി കണക്ഷന്‍ ഇനി മുതല്‍ നിലനിര്‍ത്താനാകില്ല. പിഎന്‍ജിയും എല്‍പിജിയും ഒരുമിച്ച് ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള എല്‍പിജിയുടെ വിതരണം നിയന്ത്രിത രീതിയില്‍ പുനരാരംഭിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.