Image: X, @TheDailyPioneer
ഡല്‍ഹിയില്‍ കഴിഞ്ഞ ഞായറാഴ്ച്ച നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത സംശയിച്ച് പൊലീസ്. രണ്ട് പുരുഷന്‍മാരേയും ഒരു സ്ത്രീയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. വിഷം കഴിച്ചുള്ള ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും അന്വേഷണത്തില്‍ കൊലപാതകസാധ്യതയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
പീരാഗര്‍ഹി ഫ്ലൈഓവറിലാണ് കാറിനുള്ളില്‍ മൂന്നുപേരും മരിച്ചുകിടന്നത്. സംഭവത്തില്‍ ‘ബാബ’യെ ചോദ്യം ചെയ്തുവെന്നാണ് ഏറ്റവും ഒടുവില്‍ ഡല്‍ഹി പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ ബാബയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. 76കാരന്‍ ഡ്രൈവര്‍ സീറ്റിലും 47കാരനായ പ്രോപ്പര്‍ട്ടി ഡീലര്‍ ഇടതുവശത്തും 40കാരി പുറകുവശത്തെ സീറ്റിലുമാണ് മരിച്ചുകിടന്നത്. വൈകിട്ട് 3.50നാണ് സംഭവം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ബാപ്രോല സ്വദേശികളാണ് മരിച്ച പുരുഷന്‍മാര്‍. ഇവര്‍ക്ക് പരസ്പരം പരിചയമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജഹാന്‍ഗിര്‍പുരി സ്വദേശിയായ യുവതി ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഇവര്‍ക്ക് 47കാരനുമായി പരിചയമുള്ളതായും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബാബയുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് ചോദ്യം ചെയ്തു. ഞായറാഴ്ച്ച രാവിലെ ഇവര്‍ മൂന്നുപേരും ബാബയെ കണ്ടതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം ഇയാള്‍ക്ക് ഇവരുടെ മരണവുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊലപാതകമെന്ന് തെളിയിക്കുംവിധമുള്ള തെളിവുകളോ മല്‍പ്പിടിത്തമോ ഒന്നും തന്നെ കാറിനുള്ളിലോ പരിസരത്തോ നടന്നതായി കാണാനില്ലെന്നും പൊലീസ് പറയുന്നു. കാറിനുള്ളില്‍ ഒരു പ്ലാസ്റ്റിക് ബോട്ടിലും ഗ്ലാസുകളും കണ്ടെത്തിയിരുന്നു. വിഷം കുത്തിവച്ചാണ് മരണമെന്നതാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
ഏകദേശം അഞ്ചു മണിക്കൂറോളമാണ് കാര്‍ ഈ ഫ്ലൈ ഓവറില്‍ നിര്‍ത്തിയിട്ടിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ മറ്റാരുടെയെങ്കിലും ഇടപെടല്‍ ഉണ്ടായിക്കാണുമെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം മരിച്ചവരുടെ കുടുംബാംഗങ്ങളുമായും പൊലീസ് സംസാരിച്ചു. കുടുംബത്തിന്റെ അത്താണികളായ മൂന്നുപേരും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.