pune-death

TOPICS COVERED

ഫെയ്സ്ബുക്കിലൂടെ ഭാര്യയോടും മകളോടും മാപ്പ് ചോദിച്ച ശേഷം യുവാവ് വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. പുണെയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭാര്യയും മകളും വീടുവിട്ടു പോയതിലുണ്ടായ മാനസിക വിഷമത്തിലായിരുന്നു താനെന്ന് യുവാവ് വിഡിയോയില്‍ പറയുന്നു.

 

പുണെയിലെ ബൊസാരിയിലുള്ള പച്ചക്കറി മാര്‍ക്കറ്റിന്റെ രണ്ടാംനിലയിലുള്ള വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നാണ് കേഷരി പ്രസാദ് സാഹു എന്ന യുവാവ് ചാടി മരിച്ചത്. ഫെയ്സ്ബുക്ക് ലൈവിലൂടെ ഭാര്യയോടും മകളോടും മാപ്പ് ചോദിക്കുന്നതും തനിക്ക് തെറ്റുപറ്റിപ്പോയെന്നും ഒരു തവണ കൂടി ഇരുവരേയും കാണണമെന്നും പറഞ്ഞ ശേഷമാണ് ഇയാള്‍ ചാടിയത്.  ഇയാളുടെ പക്കല്‍ നിന്നും മൂന്നുപേജുള്ള ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തനിക്ക് ഭാര്യയുമായി ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞ സാഹു മറ്റ് ചിലര്‍ ചേര്‍ന്ന് തന്റെ ജീവിതം നശിപ്പിച്ചെന്നും പറയുന്നു. 

 

ലൈവിനിടെ പലതവണ സാഹു പൊട്ടിക്കരയുകയും ഭാര്യയോടും മകളോടുമുള്ള  സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സാഹുവിന്റെ ഭാര്യയും മകളും വീടുവിട്ടിറങ്ങിയത്. അന്നുമുതല്‍ ഒറ്റയ്ക്കായ സാഹു കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മദ്യപിച്ച ശേഷമാണ് സാഹു കെട്ടിടത്തിനു മുകളില്‍ കയറി ചാടിയതെന്ന് പൊലീസ് സംശയിക്കുന്നു. മരിക്കുന്നതിന് ആറു മണിക്കൂര്‍ മുന്‍പും ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നിരുന്നതായി പൊലീസ് സ്ഥിരീകരിക്കുന്നു. 

 

സംഭവമറിഞ്ഞ് ഭൊസാരി പൊലീസും അഗ്നിശമനസേനയും ആംബുലന്‍സും സ്ഥലത്തെത്തി ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ പോലും പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല സാഹു. താഴെ കൂടി നിന്നവരില്‍ പലരും ഇയാളെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. എനിക്കെന്റെ മകളെ ഒരുപാട് ഇഷ്ടമാണെന്നായിരുന്നു ഇയാള്‍ ആത്മഹത്യാക്കുറിപ്പിലും വിഡിയോയിലും ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

ENGLISH SUMMARY:

Pune suicide is a deeply tragic event where a young man took his own life after a Facebook live apology to his wife and daughter. The incident highlights the severe mental distress he was experiencing due to their departure from home.