modi-parliamentary-address-opposition

ഇന്ത്യ ഇന്ന് ലോകത്തിന് വിശ്വസ്തമായ പങ്കാളിയായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കിടയിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. ഇന്ത്യയുടെ വികസനക്കുതിപ്പും ലോകരാജ്യങ്ങൾ ഇന്ത്യയുമായി കരാറുകളിൽ ഏർപ്പെടാൻ കാണിക്കുന്ന താല്പര്യവും രാജ്യത്തിന്റെ മാറുന്ന സാമ്പത്തിക ഭദ്രതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും മോദി അവകാശപ്പെട്ടു. വിദേശരാജ്യങ്ങൾ ഇന്ത്യയുമായി വ്യാപാര കരാറുകൾക്കായി മുന്നോട്ടുവരുന്നത് നമ്മുടെ വളർച്ച കണ്ടിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിന്റെ ഗുണഫലങ്ങൾ യുവാക്കൾക്ക് ലഭിക്കുമെന്നും അവർക്കായി ലോകവിപണി തുറന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻപുണ്ടായിരുന്ന സർക്കാരുകൾക്ക് കൃത്യമായ വീക്ഷണമില്ലായിരുന്നുവെന്നും കോൺഗ്രസ് വ്യക്തികളുടെ നേട്ടത്തിനായി മാത്രമാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം രാജ്യത്തെ വഞ്ചിക്കുകയും ജനക്ഷേമം മറക്കുകയും ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സർദാർ സരോവർ അണക്കെട്ടിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ മെല്ലെപ്പോക്ക് നയത്തെ അദ്ദേഹം പരിഹസിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികൾ താൻ പ്രധാനമന്ത്രിയായ ശേഷമാണ് പൂർത്തിയാക്കിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് രാജ്യസഭയിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചത്. പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. തുടർന്ന്, രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങി. 

ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലി വലിയ തർക്കമാണ് നടന്നത്. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ കരസേനാ മേധാവി എം.എം. നരവനെ തന്റെ പുസ്തകത്തിൽ നടത്തിയ പരാമർശങ്ങൾ ഉദ്ധരിക്കാനായിരുന്നു രാഹുൽ ശ്രമിച്ചത്. എന്നാൽ സഭ തടസ്സപ്പെട്ടതോടെ പ്രധാനമന്ത്രിക്ക് അവിടെ പ്രസംഗിക്കാനായില്ല. സ്പീക്കറുടെ നിർദ്ദേശപ്രകാരം പ്രധാനമന്ത്രിയുടെ മറുപടി ഇല്ലാതെ തന്നെ നന്ദിപ്രമേയം വോട്ടെടുപ്പിനിട്ട് പാസാക്കുകയായിരുന്നു.

ENGLISH SUMMARY:

India is a trusted global partner today, according to Prime Minister Narendra Modi's speech amidst opposition protests in the Rajya Sabha. He highlighted India's economic prowess and growing international trade interest as indicators of its strengthening financial security.